സീഡ് പോലീസ് ഇടപെട്ടു; നഗരസഭാധ്യക്ഷന്‍ നേരിട്ടെത്തി മാലിന്യപ്രശ്‌നം പരിഹരിച്ചു

Posted By : ktmadmin On 9th July 2015


കോട്ടയം: സമീപപുരയിടത്തിലെ മാലിന്യം, ക്ലാസ്മുറിയിലെ പഠനത്തിന് തടസ്സമായപ്പോള്‍ കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ 'സീഡ്' പോലീസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചു. കാര്യങ്ങള്‍ സ്‌കൂള്‍ അധികൃതരെയും നഗരസഭാധ്യക്ഷനെയും അറിയിച്ച് പ്രശ്‌നപരിഹാരം കണ്ടെത്തിയ സന്തോഷത്തിലാണ് സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍.
മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ ഏഴാംതരം സി ഡിവിഷന്‍ പ്രവര്‍ത്തിക്കുന്നതിന് സമീപം സ്‌കൂള്‍ മതിലിനോട് ചേര്‍ന്നുള്ള മതില്‍ കെട്ടി തിരിച്ച ഭാഗത്ത് ധാരാളം മാലിന്യം ഇടുന്നതായി കുട്ടികളുടെ ശ്രദ്ധയില്‍പെട്ടു. ഈ ഭാഗം കാടുപിടിച്ചുകിടന്നതിനാല്‍ വഴിയിലൂടെ പോകുന്നവര്‍ ഇവിടെ പതിവായി മാലിന്യം തള്ളുകയായിരുന്നു.
ക്ലാസ്സിലിരുന്ന് പഠിക്കാന്‍ പറ്റാത്തവിധം അസഹ്യമായ നാറ്റം കൂടിയായതോടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ സീഡ് കുട്ടികള്‍ തീരുമാനിക്കുകയായിരുന്നു. ഇവര്‍ ആദ്യം സ്‌കൂള്‍ പ്രഥമാധ്യാപികയെ വിവരം ധരിപ്പിച്ചു. തുടര്‍ന്ന് കോട്ടയം നഗരസഭാധ്യക്ഷനെ കണ്ട് നിവേദനം നല്‍കി. സീഡ് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍ മേരി ലീമയും സീഡ് പോലീസ് അംഗങ്ങളായ അശ്വതി, ശ്രീക്കുട്ടി, മെറിന്‍ ജേക്കബ്, ശ്രുതി, അന്‍സു എന്നിവരുമാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ നഗരസഭാധ്യക്ഷന്‍ കെ.ആര്‍.ജി.വാര്യര്‍ നിവേദകസംഘത്തോടൊപ്പം സ്‌കൂളിലെത്തി. മാലിന്യം നീക്കുന്നതിനും ഈ ഭാഗത്തെ കാട് വെട്ടിനീക്കുന്നതിനും അദ്ദേഹം നടപടിയെടുത്തു. കൂടാതെ കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. റോഡില്‍നിന്ന് മതിലിന് മുകളിലൂടെ മാലിന്യം വലിച്ചെറിയാതിരിക്കാന്‍ ഇവിടെ ഇരുമ്പുവല സ്ഥാപിക്കുമെന്ന് നഗരസഭാധ്യക്ഷന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. കുട്ടികളുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
മാലിന്യപ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ പ്രവര്‍ത്തിച്ച സീഡ് അംഗങ്ങളെ പ്രഥമാധ്യാപിക സിസ്റ്റര്‍ ശില്പ അഭിനന്ദിച്ചു.

Print this news