രാജപുരം: നിലമൊരുക്കി വിത്തെറിഞ്ഞ് സീഡ് കുട്ടികള്‍. അട്ടേങ്ങാനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് അംഗങ്ങളാണ് ഒരുഹെക്ടര്‍ പാടത്ത് വിത്തുവിതച്ചത്. അട്ടേങ്ങാനം എളാടി വയലിലാണ് നന്മ സ്വയം സഹായ സംഘത്തിന്റെ സഹായത്തോടെ അമ്പതോളം കുട്ടികള്‍ പാടത്തിറങ്ങി കൃഷി ആരംഭിച്ചത്. കൃഷിരീതികളെക്കുറിച്ച് കര്‍ഷകനായ കൃഷ്ണന്‍ എളാടി കുട്ടികള്‍ക്ക് വിവരിച്ചുകൊടുത്തു. ജൈവരീതിയില്‍ കൃഷിചെയ്യാനാണ് സീഡ് അംഗങ്ങളുടെ തീരുമാനം. പി.ടി.എ. പ്രസിഡന്റ് മോഹനന്‍ പിള്ള, പ്രഥമാധ്യാപകന്‍ രത്‌നാകരന്‍, സീഡ് കോഓര്‍ഡിനേറ്റര്‍ അഷറഫ്, മഞ്ചിമ എന്നിവര്‍ നേതൃത്വം നല്‍കി.