അവിട്ടത്തൂര്‍: വിദ്യാര്‍ത്ഥികള്‍ നീന്തല്‍ പരിശീലനം നടത്തുന്ന ഓങ്ങിച്ചിറയില്‍ അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന തുരുമ്പിച്ച വൈദ്യുതിക്കാല്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സീഡ് വിദ്യാര്‍ത്ഥികള്‍ വൈദ്യുതി വിഭാഗം ചീഫ് എന്‍ജിനിയര്‍ക്ക് നിവേദനം നല്‍കി. അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. സ്‌കൂളിലെ നൂറുകണക്കിന് കുട്ടികള്‍ നീന്തല്‍ പരിശീലനം നടത്തുന്ന നീന്തല്‍ക്കുളമാണിത്. ഇരിങ്ങാലക്കുട വൈദ്യുതി ഭവന്റെ കീഴില്‍ വരുന്ന 33 കെ.വി. ലൈനിന്റെ വൈദ്യുതി കമ്പികള്‍ കടന്നുപോകുന്നതും കുളത്തിന് കുറുകെയാണ്. കുളത്തില്‍ നിലകൊള്ളുന്ന ഇരുമ്പ് തൂണിന്റെ അടിഭാഗം തുരുമ്പിച്ചത് അപകട ഭീഷണി ഉയര്‍ത്തുന്നതിനെ കുറിച്ച് നേരത്തെ മാതൃഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരിങ്ങാലക്കുട വൈദ്യുതി ഭവനിലെത്തി വിദ്യാര്‍ത്ഥികള്‍ നിവേദനം സമര്‍പ്പിച്ചത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ രമ കെ. മേനോന്‍, പി.ടി.എ. പ്രസിഡന്റ് കെ.സി. രാജന്‍, സീഡ് ലീഡര്‍ ഗോകുല്‍ തേജസ്സ് മേനോന്‍, അംഗങ്ങളായ ക്രിസ്റ്റോ വി.എസ്, രാഹുല്‍ വര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.