സീഡ് ലോകോത്തരമാതൃക-എം.എല്‍.എ. ശാസ്താംകോട്ട:പെരുമഴയില്‍ പ്രകൃതിയെ പ്രണയിച്ച് ശുദ്ധജലത്തടാകത്തെ വന്ദിച്ച് അവര്‍ കായല്‍ത്തീരത്തിരുന്ന് പാടി. ഹരിയും ഹരനും തന്‍ തേജസു നല്‍കിയ ശ്രീധര്‍മ്മശാസ്താ നിന്‍ പുണ്യഭൂവില്‍ നിന്‍ പാദപത്മത്തെ തൊട്ടുതലോടിയ നിന്‍ ശുദ്ധതടാകമിന്ന് എങ്ങനെയായ്... ഈണത്തില്‍ പാടിയ പാട്ടുകേട്ട് നാട്ടുകാരും തടാകതീരത്തേക്കെത്തി. ആലപ്പുഴ ജില്ലയിലെ താമരക്കുളം വി.വി.എച്ച്.എസ്സിലെ മാതൃഭൂമി സീഡ് ക്ലബിന്റെ വിദ്യാര്‍ഥി പഠനസംഘം ശാസ്താംകോട്ട കായല്‍ത്തീരത്തെത്തിയത് നാടിനുതന്നെ വേറിട്ട അനുഭവമായി. കേരളത്തിലെ പരിസ്ഥിതി ദുര്‍ബലപ്രദേശത്തുകൂടിയുള്ള നിരന്തര പഠനയാത്രയുടെ ഭാഗമായാണ് സംഘം ശാസ്താംകോട്ട ശുദ്ധജല തടാക തീരത്തെത്തിയത്. സ്കൂളിലെ മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ എല്‍.സുഗതന്റെ നേതൃത്വത്തില്‍ തടാകക്കരയിലേക്കെത്തിയ സംഘത്തെ സ്വീകരിക്കാന്‍ സ്ഥലം എം.എല്‍.എ. കോവൂര്‍ കുഞ്ഞുമോന്‍ എത്തി. തടാകത്തെ വന്ദിച്ച് പഠനസംഘം കായലിനെ നോക്കിനില്‍ക്കെ എം.എല്‍.എ.യും അവരില്‍ ഒരാളായി. കുട്ടികളില്‍നിന്ന് വൃക്ഷത്തൈവാങ്ങി അദ്ദേഹം കോരിച്ചൊരിയുന്ന മഴയില്‍ തടാകതീരത്ത് നട്ടു. അത് പഠനസംഘത്തിന്റെ യാത്രാലക്ഷ്യത്തിന് തുടക്കമാവുകയായിരുന്നു. മാതൃഭൂമിയുടെ സീഡ് ലോകോത്തര മാതൃകയാണെന്ന് എം.എല്‍.എ. കുട്ടികളോട് പറഞ്ഞു. അതിന്റെ ഭാഗമാകുന്നത് വലിയ അംഗീകാരത്തിനൊപ്പം നല്ലൊരു തലമുറയെയും സൃഷ്ടിക്കും. സീഡ് കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിലും അധ്യാപകരിലും ഉണ്ടാക്കിയ ഉത്തരവാദിത്വവും സ്വാധീനവും വാക്കുകള്‍ക്ക് അപ്പുറത്താണെന്ന് തനിക്ക് ഇതിനകംതന്നെ ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. തടാകത്തിന്റെ സ്ഥിതിയും സമരപോരാട്ടങ്ങളും കുട്ടികളോട് പറഞ്ഞ് എം.എല്‍.എ. മടങ്ങിയ ഉടന്‍ കായലിനുവേണ്ടി വര്‍ഷങ്ങളായി പോരാടുന്ന തടാകസംരക്ഷണസമിതി ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ എസ്.ബാബുജി കുട്ടികളെ കാണാനെത്തി. തനതുശൈലിയില്‍ പ്രകൃതിയുടെ പരിപാലനവും ശുദ്ധജല തടാകത്തിന്റെ മേന്മയും ദുഃഖവുമെല്ലാം അദ്ദേഹം കുട്ടികളോട് പറഞ്ഞു. തലമുറകള്‍ നമുക്കായി കാത്തുവെച്ച സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകത്തെ മനുഷ്യ വികൃതിയില്‍ കൊല്ലാക്കൊല ചെയ്ത കഥ കുട്ടികളുടെ വദനത്തെ മ്ലാനമാക്കി. ഒരു മുത്തശ്ശിക്കഥപോലെ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞ് ബാബുജി വിടവാങ്ങുമ്പോള്‍ അദ്ദേഹത്തെ വിടാന്‍ പഠനസംഘത്തിന് മനസ്സുവന്നില്ല. പെയെ്താഴിയാതെ മഴ തുടര്‍ന്നെങ്കിലും സീഡ് സംഘം കായല്‍ക്കരയാകെ ചുറ്റിക്കൊണ്ടിരുന്നു. മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ബി.ഉണ്ണിത്താന്‍ ശാസ്താംകോട്ട തടാകത്തിന്റെ ഇന്നലെകളിലെ സമൃദ്ധിയെപ്പറ്റി കുട്ടികള്‍ക്ക് വിവരിച്ചുകൊടുത്തു. തടാകതീരത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ സംഘം നീക്കം ചെയ്തു. ശേഷം കായല്‍ക്കരയാകെ പഠനസംഘം വൃക്ഷത്തൈകള്‍ നട്ടു. അടുത്തത് ദൃഢപ്രതിജ്ഞയായിരുന്നു. കാടും തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും മണ്ണുംപുഴയും വൃക്ഷങ്ങളും സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കര്‍ത്തവ്യമാണ് . അത് ഞങ്ങള്‍ പരിപാലിക്കും. ഈ ദൃഢ പ്രതിജ്ഞയ്ക്കുശേഷമാണ് പഠനസംഘം കായല്‍ത്തീരം വിട്ടത്. അധ്യാപകരായ എല്‍.സുഗതന്‍, എന്‍.രാധാകൃഷ്ണന്‍, റാഫി രാമനാഥ്, ഷിബിമോള്‍, ഗീതാകുമാരി, അബ്ദുള്‍ ലത്തീഫ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ആരണ്യകം ശ്രീകുമാര്‍ എന്നിവരാണ് സീഡിന്റെ പഠനസംഘത്തെ നയിച്ചത്. രാവിലെ താമരക്കുളത്തെ സ്കൂള്‍ വളപ്പില്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം എ.എം.ഷാഹീര്‍, പഠനയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീദേവി, പ്രിന്‍സിപ്പല്‍ ജിജി എച്ച്.നായര്‍, സ്റ്റാഫ് സെക്രട്ടറി എ.എന്‍.ശിവപ്രസാദ്, പി.ടി.എ. പ്രസിഡന്റ് എസ്.മധുകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.