രാജപുരം: നാടിന്റെ നന്മയ്ക്ക് ഒത്തുചേരാമെന്നും നല്ലൊരു പച്ചപ്പിനായി കൂട്ടുകൂടാമെന്നും പറഞ്ഞ് വീടുകള്‍ കയറിയിറങ്ങി കൊച്ചുകൂട്ടുകാര്‍. ഡെങ്കിപ്പനിയും വൈറല്‍പനിയും പടര്‍ന്നുപിടിക്കുന്ന മലയോരത്തെ ബോധവത്കരിക്കാനും ലഹരിവിരുദ്ധ സന്ദേശങ്ങളെത്തിക്കുന്നതിനുമാണ് സീഡ് അംഗങ്ങള്‍ വിദ്യാലയപരിസരത്തെ വീടുകളിലേക്കെത്തിയത്.
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളാണ് മഴക്കാല രോഗ ബോധവത്കരണവും ലഹരിവിരുദ്ധ സന്ദേശങ്ങളും ജനങ്ങളിലേക്കെത്തിക്കാന്‍ പഠനസമയത്തിനുശേഷം വൈകുന്നേരങ്ങളില്‍ ഇതിനായി സമയം കണ്ടെത്തിയത്. ഹ്രസ്വചിത്ര പ്രദര്‍ശനമടക്കമൊരുക്കി ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, എലിപ്പനി തുടങ്ങിയ മഴക്കാലരോഗങ്ങളെക്കുറിച്ചും മലയോരത്ത് വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തുന്നു. ഇതിനായി പ്രദേശത്തെ ഒരു വീട് കണ്ടെത്തി കുടുംബാഗംങ്ങളെയും അയല്‍ക്കാരെയും പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വരും ദിവസങ്ങളില്‍ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ പ്രദേശത്തെ പട്ടികവര്‍ഗ കോളനികളിലും സന്ദേശമെത്തിക്കാനുള്ള ഒരുക്കത്തിലാണ് സീഡ് അംഗങ്ങള്‍.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജിബിന്‍ വാഴക്കാലായില്‍ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാ. ജീവ, സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സീമ, രജനി ദേവി, ജെയിംസ് ടോം, റോണ്‍ ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.