മുള്ളേരിയ: പാഠപുസ്തകത്തിനപ്പുറം കൃഷിയുടെ പാഠങ്ങള്‍ തേടി പാടത്തിറങ്ങി കുട്ടികള്‍. കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് അംഗങ്ങളും വി.എച്ച്.എസ്.ഇ. വിഭാഗം എന്‍.എസ്.എസ്. വോളന്റിയര്‍മാരുമാണ് പാടത്തിറങ്ങി ഞാറ് നട്ടത്.
സ്‌കൂള്‍ വളപ്പില്‍ വളര്‍ത്തിയ നെല്‍ച്ചെടി കാറഡുക്ക ബേര്‍ളത്ത് പാട്ടത്തിനെടുത്ത 50 സെന്റ് വയലിലാണ് നട്ടത്. ബേര്‍ളത്തെ വയോധികരായ കര്‍ഷകരും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ കുട്ടികള്‍ക്കൊപ്പം പാടത്തിറങ്ങി. അന്യംനിന്നുപോകുന്ന കാര്‍ഷികസംസ്‌കൃതിയെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനാണ് കുട്ടികളെ അധ്യാപകര്‍ പാടത്തേക്കു കൊണ്ടുവന്നത്.
ചെളിനിറഞ്ഞ പാടത്ത് കുട്ടികള്‍ നിറഞ്ഞ ആവേശത്തോടെയാണ് പണിയെടുത്തത്. ഒരുദിവസം നൂറോളം കുട്ടികള്‍ പാടത്തായിരുന്നു. ഇനി കതിരണിയുന്നതുവരെയുള്ള കാത്തിരിപ്പാണ്. സീഡ് കോഓര്‍ഡിനേറ്റര്‍ രാജന്‍, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ മീര ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.