പാതകളില്‍ തണലൊരുക്കാന്‍ സീഡ്

Posted By : klmadmin On 5th August 2013


 പുനലൂര്‍: മൈലയ്ക്കല്‍ വാര്‍ഡിലെ പാതയോരങ്ങളില്‍ ഇനി അശോകവും കണിക്കൊന്നയും പൂക്കും. വേപ്പും താന്നിയും പന്തലിക്കും. കലയനാട് വി.ഒ.യു.പി.സ്‌കൂള്‍ സീഡ് ക്ലബ്ബിലെ അംഗങ്ങള്‍ പാതയോരങ്ങളില്‍ തണല്‍വൃക്ഷങ്ങളുടെയും ഔഷധസസ്യങ്ങളുടേയും തൈകള്‍ നട്ടു. സമീപത്തെ വീട്ടുകാര്‍ ഇനി ഒരോ ചെടിയെയും പരിപാലിക്കും.
വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താന്‍ മാതൃഭൂമി ആവിഷ്‌കരിച്ച് സ്‌കൂളുകളില്‍ നടപ്പാക്കുന്ന സീഡ് പദ്ധതിയുമായി സഹകരിച്ചാണ് വാര്‍ഡില്‍ വൃക്ഷത്തൈകള്‍ നട്ടത്. വാര്‍ഡ് കൗണ്‍സിലറും പുനലൂര്‍ നഗരസഭയുടെ മുന്‍ ഉപാധ്യക്ഷനുമായ വി.പി.ഉണ്ണിക്കൃഷ്ണനാണ് ഇതിന് മുന്‍കൈയെടുത്തത്. ഇതിനായി കലയനാട് വി.ഒ.യു.പി.സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ സഹകരണം തേടുകയായിരുന്നു.
പ്രഥമാധ്യാപകന്‍ ബിജു കെ.തോമസിന്റെ നേതൃത്വത്തില്‍ ക്ലബ്ബ് അംഗങ്ങളായ കുട്ടികള്‍ പാതയോരങ്ങളില്‍ തൈകള്‍ നട്ടു.
പാപ്പന്നൂര്‍-പുനലൂര്‍ റോഡിലെ മുറിയന്തല ഭാഗത്ത് കുട്ടികളോടൊപ്പം ചേര്‍ന്ന് തൈകള്‍ നട്ടുകൊണ്ട് നഗരസഭാധ്യക്ഷ ഗ്രേസി ജോണ്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ എസ്.ബിജു, വിദ്യാഭ്യാസസമിതി അധ്യക്ഷ മിനി മധുകുമാര്‍, വി.പി.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. വാര്‍ഡിലൂടെ കടന്നുപോകുന്ന കൊച്ചുപ്ലാച്ചേരി റോഡ്, ചെങ്കുളം-കക്കോട് റോഡ് തുടങ്ങിയവയുടെ വശങ്ങളിലായി 200 വൃക്ഷത്തൈകള്‍ നട്ടുകഴിഞ്ഞു.  

Print this news