ലഹരിക്കും പ്ലാസ്റ്റിക്കിനുമെതിരെ ഗ്രാമസഭയില്‍ സീഡ് സെമിനാര്‍

Posted By : tcradmin On 3rd July 2015


വാടാനപ്പള്ളി: ലഹരിക്കും പ്ലാസ്റ്റിക്കിനുമെതിരെ സെമിനാര്‍ നടത്തി വാടാനപ്പള്ളി ഗവ. ഫിഷറീസ് യു.പി സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികള്‍ സമൂഹത്തോട് തങ്ങള്‍ക്കുള്ള ഉത്തരവാദിത്വം വ്യക്തമാക്കി. ഗ്രാമപ്പഞ്ചായത്ത് 16-ാം വാര്‍ഡ് ഗ്രാമസഭയിലാണ് സീഡ് അംഗങ്ങളായ എ.എം. മുഹമ്മദ് അസ്ലം, എ.ആര്‍. അബിന്‍രാജ്, എ.ആര്‍. നസീമ, കെ.എ. അക്ഷര, ശില്പ സുഭാഷ് എന്നിവര്‍ സെമിനാര്‍ നടത്തിയത്.
ഗ്രാമത്തെ ലഹരി മുക്തമാക്കുന്നതിനും പ്ലാസ്റ്റിക് കാരിബാഗ് മുക്തമാക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങളാണ് സെമിനാറിലൂടെ കുട്ടികള്‍ മുന്നോട്ട് വെച്ചത്. പരിസ്ഥിതി വിനാശത്തിനെതിരെ ഗാനമാലപിച്ചാണ് കുട്ടികള്‍ മടങ്ങിയത്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗില്‍സാ തിലകന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് അംഗവുമായ എന്‍.എസ്. മനോജ്, അംഗം രനി കൃഷ്ണാനന്ദ്, സെക്രട്ടറി വി. ആന്റണി എന്നിവര്‍ സദസ്സിലിരുന്ന് കുട്ടികളുടെ സെമിനാര്‍ സശ്രദ്ധം കേട്ടു. സെമിനാറിനുശേഷം കുട്ടികളെ അഭിനന്ദിച്ച പ്രസിഡന്റും സെക്രട്ടറിയും കുട്ടികളുടെ വീടുകളിലുള്ള പ്ലാസ്റ്റിക് കവറുകള്‍ സ്‌കൂളിലെത്തിക്കാന്‍ നിര്‍ദ്ദേശിച്ചു.
പുനരുപയോഗത്തിനായി അവ പഞ്ചായത്ത് സംഭരിക്കുമെന്നും അവര്‍ ഉറപ്പു നല്‍കി. വീടുകളില്‍ ഇനി പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉപയോഗിക്കില്ലെന്നും പ്രകൃതി സൗഹൃദസഞ്ചികള്‍ പ്രചരിപ്പിക്കുമെന്നും സീഡ് അംഗങ്ങള്‍ പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് ടി.കെ. രഘു, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.എല്‍. മനോഹിത്, ടി.എ. അനിത, കെ.എസ്. ഷീന, വി.പി. സൈറ എന്നിവര്‍ക്കൊപ്പമാണ് കുട്ടികള്‍ എത്തിയത്. ഗ്രാമപ്പഞ്ചായത്തംഗം എന്‍.എസ്. മനോജ് കുട്ടികള്‍ക്ക് ഉപഹാരം നല്‍കി.

Print this news