പൂച്ചാക്കല്‍: മാലിന്യസംസ്‌കരണം, ആരോഗ്യസംരക്ഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനാകെ മാതൃകയാകുകയാണ് തേവര്‍വട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍. സ്‌കൂള്‍ വളപ്പിലെ കുട്ടികളുടെ പച്ചക്കറിക്കൃഷിയും ശ്രദ്ധേയമായി. മാതൃഭൂമി സീഡിന്റെ കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ ഈ സ്‌കൂള്‍ രണ്ടാംസ്ഥാനം നേടി. മികവുറ്റ പ്രവര്‍ത്തനങ്ങളാണ് സ്‌കൂള്‍ കാഴ്ചവച്ചത്. ആരോഗ്യ ബോധവത്കരണ ക്ലാസ്സുകളില്‍നിന്ന് കുട്ടികള്‍ നേടിയ അറിവുകള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കി. അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ ഞായറാഴ്ചകളിലും മറ്റുള്ള അവധി ദിനങ്ങളിലും അയല്‍ക്കൂട്ടം യോഗങ്ങള്‍ നടക്കുന്ന വീടുകളിലെത്തി ശുചിത്വത്തെക്കുറിച്ചും ആരോഗ്യസുരക്ഷയെക്കുറിച്ചും ബോധവത്കരണം നടത്തി. മഴക്കാലരോഗങ്ങള്‍ ഏതൊക്കെയാണ്, അവയുടെ നിവാരണ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയവയൊക്കെ കുട്ടികളില്‍നിന്ന് കേട്ടപ്പോള്‍ വീട്ടുകാര്‍ക്കും കൗതുകം. കൊതുകുനിവാരണ മാര്‍ഗങ്ങളെക്കുറിച്ചും കുട്ടികള്‍ ബോധവത്കരണം നടത്തി. പത്ത് അയല്‍ക്കൂട്ടങ്ങളില്‍ അധ്യാപകരോടൊപ്പമെത്തി ആരോഗ്യത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കി. നാട്ടിന്‍പുറങ്ങളിലെ വീടുകളില്‍ മാലിന്യ സംസ്‌കരണ മാര്‍ഗങ്ങള്‍ ആരാഞ്ഞ് 100 വീടുകളില്‍ സര്‍വേ നടത്തി. ബയോഗ്യാസ് പ്ലാന്റ്, മണ്ണിര കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ് തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുള്ളവര്‍ കുറവാണെന്ന് പഠനത്തില്‍ വ്യക്തമായി. സര്‍വേയില്‍നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി തൈക്കാട്ടുശ്ശേരി പഞ്ചായത്തുപ്രദേശത്ത് ഖരമാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ എം.എല്‍.എ.ക്ക് നിവേദനം നല്‍കി. നാടന്‍വിഭവങ്ങള്‍ കോര്‍ത്തിണക്കി നാടന്‍ ഭക്ഷ്യമേളയും സംഘടിപ്പിച്ചു. സ്‌കൂളിലും വീടുകളിലും വാഴക്കൃഷിയും പച്ചക്കറിക്കൃഷിയും പരിപോഷിപ്പിച്ചു. പാവല്‍, വെണ്ട, മുളക്, പയര്‍, തുടങ്ങിയവയാണ് കൃഷിചെയ്തത്. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രചാരണം നടത്തി. ലഹരിപദാര്‍ഥങ്ങളുടെ ദൂഷ്യവശങ്ങളെ സംബന്ധിച്ച് കുട്ടികള്‍ ലഘുലേഖകള്‍ തയ്യാറാക്കി വിതരണം ചെയ്തു. ഭീകരവാദവിരുദ്ധ പ്രതിജ്ഞയുമെടുത്തു. സീഡ് കോ ഓര്‍ഡിനേറ്റര്‍ വി.ആര്‍. രജിതകുമാരിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. അരുണ്‍കുമാര്‍, ഹക്കിം പാണാവള്ളി, വീണ, ശ്രീജ, ബിന്ദു, ജ്ഞാനപ്രഭ തുടങ്ങിയ അധ്യാപകരുടെ സഹായവും ലഭിച്ചു. പി.ടി.എ. കമ്മിറ്റിയും പിന്തുണച്ചു. അഭിറാം കെ. സുരേഷ് ജെം ഓഫ് സീഡായി തിരഞ്ഞെടുക്കപ്പെട്ടു.