മങ്കൊമ്പ്: പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം ചരിത്രപഠനത്തിനും മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് വൈശ്യംഭാഗം ബിഷപ്പ് ബെനവെന്തൂര്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍. പ്രകൃതിയെയും സംസ്‌കാരത്തെയും അറിഞ്ഞുള്ള പഠനങ്ങളാണ് ഇത്തവണ മാതൃഭൂമിസീഡ് ഹരിതവിദ്യാലയ പുരസ്‌കാരത്തിന് സ്‌കൂളിനെ അര്‍ഹരാക്കിയത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ മൂന്നാംസ്ഥാനമാണ് സ്‌കൂള്‍ കരസ്ഥമാക്കിയത്. വൈശ്യംഭാഗം കഞ്ഞിപ്പാടത്തെ കാവുകള്‍ സന്ദര്‍ശിച്ച വിദ്യാര്‍ഥികള്‍, അവയെപ്പറ്റി പഠനം നടത്തി. പ്രദേശത്തെ പ്രായമായ വ്യക്തികള്‍ ഉള്‍പ്പടെയുള്ളവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും അഭിമുഖങ്ങള്‍ നടത്തുകയും ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കുട്ടികള്‍ വീടുകള്‍ സന്ദര്‍ശിച്ച് സര്‍വേ നടത്തി. അതിനെതിരെ ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു. സ്‌കൂളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക റിപ്പോര്‍ട്ടുകളും തയ്യാറാക്കിയിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളെ ചിത്രപ്രദര്‍ശനത്തിലൂടെ സമൂഹത്തിനു മുന്‍പില്‍ തുറന്നുകാട്ടിയാണ് സ്‌കൂളില്‍ ഇക്കൊല്ലത്തെ സീഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ടീച്ചര്‍ കോ ഓര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് സ്‌കൂളിലെ സീഡ് കോ ഓര്‍ഡിനേറ്ററും അധ്യാപികയുമായ കെ.എ. റീത്തയെയാണ്. ഹെഡ്മിസ്ട്രസ് ആലീസ് ചാണ്ടി, അധ്യാപകരായ ഷീല ഗോമസ്, സുനി ജോയ് എന്നിവരും വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നുണ്ട്.