മണ്ണാര്‍ക്കാട്: ശാസ്ത്രസാങ്കേതികവിദ്യ അനുദിനം പുരോഗമിക്കുമ്പോള്‍ മനുഷ്യന്‍ പ്രകൃതിയെ വിസ്മരിക്കുന്ന കാഴ്ചയാണിന്നെന്ന് അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. പറഞ്ഞു. മാതൃഭൂമി സീഡ് പദ്ധതിയുടെ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ പരിശീലനപരിപാടി മണ്ണാര്‍ക്കാട് റൂറല്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായുമലിനീകരണം നിയന്ത്രിക്കുന്നതില്‍ പശ്ചിമഘട്ട മലനിരകള്‍ വഹിക്കുന്ന പങ്ക് പ്രധാനമാണ്. ഇന്നത്തെ ആവാസ ജീവിതവ്യവസ്ഥയ്ക്കനുസരിച്ച് പ്രകൃതിയെ അടുത്തറിഞ്ഞ് ജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ സംഭാവന വളരെ വലുതാണ്. കുട്ടികളില്‍ പാരിസ്ഥിതികബോധം വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അധ്യാപകര്‍ നായകന്മാരായി മാറണമെന്നും ഷംസുദ്ദീന്‍ പറഞ്ഞു.
മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പി.കെ. സുരേന്ദ്രന്‍ അധ്യക്ഷനായി. യൂണിറ്റ് മാനേജര്‍ എസ്. അമല്‍രാജ് സ്വാഗതവും സീഡ് വിദ്യാഭ്യാസജില്ലാ എസ്.പി.ഒ.സി. ടി. ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു. സബ് എഡിറ്റര്‍ കെ.വി. ശ്രീകുമാര്‍ ശില്പശാല നയിച്ചു.