പാലക്കാട്: ഇത്തവണ സ്‌കൂള്‍ തുറന്നപ്പോള്‍ ചെറുമുണ്ടശ്ശേരി എ.യു.പി.എസ്സിന് തിളക്കമേറെയാണ്. മാതൃഭൂമിയും ഫെഡറല്‍ ബാങ്കും ചേര്‍ന്ന് നടത്തുന്ന സീഡ് പദ്ധതിയില്‍ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയില്‍ ഹരിത വിദ്യാലയത്തിനുള്ള ഒന്നാംസ്ഥാനക്കാരുടെ കിരീടം ഇവര്‍ക്കാണ്. 15,000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ മികച്ച സീഡ് കോ-ഓര്‍ഡിനേറ്ററായി ചെറുമുണ്ടശ്ശേരി എ.യു.പി.എസ്സിലെ എന്‍. അച്യുതാനന്ദനെയും തിരഞ്ഞെടുത്തു.
പിറന്നാളിന് മിഠായിക്കുപകരം ഔഷധച്ചെടി നട്ടും പൂമ്പാറ്റകള്‍ക്ക് വന്നിരിക്കാന്‍ ശലഭോദ്യാനം ഒരുക്കിയും ഭാരതപ്പുഴയിലെ ജലത്തിനായി ശബ്ദമുയര്‍ത്തിയുമൊക്കെയാണ് അവര്‍ പ്രകൃതിക്കുവേണ്ടി കൈകോര്‍ത്തത്.
ഒരുവര്‍ഷംനീളുന്ന 30 പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഒരുമനസ്സോടെയാണ് ചെറുമുണ്ടശ്ശേരി എ.യു.പി. സ്‌കൂളിലെ ഹരിതം സീഡ് ക്ലൂബ്ബ് വിജയമാക്കിയത്. മണ്ണിന് നനവും അത് നല്‍കാന്‍ മനസ്സിന് അലിവും വേണമെന്ന ആ കുഞ്ഞുമനസ്സുകളുടെ തിരിച്ചറിവിനും അത് പ്രായോഗികമാക്കിയതിനുമാണ് ഈ പുരസ്‌കാരം.
മരത്തിലെ പരസ്യബോര്‍ഡുകള്‍ക്കെതിരെയുള്ള ബോധവത്കരണം, ട്രാഫിക് ബോധവത്കരണം, മാലിന്യനിക്ഷേപത്തിനെതിരെയുള്ള സീഡ് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍, കുട്ടികളിലെ ഫ്‌ലോറോസിസ് സര്‍വേ, തുണിസഞ്ചി വിതരണം, ആരോഗ്യ ബോധവത്കരണം, പരിസ്ഥിതിസംരക്ഷണ റാലികള്‍... നീളുന്ന ഒരു പട്ടികതന്നെയുണ്ട് ഈ കുട്ടികളുടെ അധ്വാനത്തിന്.
15 വിളവെടുപ്പിലായി 152 കിലോ പച്ചക്കറിയാണ് ഇവര്‍ വിളയിച്ചെടുത്തത്. പപ്പായത്തോട്ടത്തില്‍നിന്ന് 50 കിലോ പപ്പായയും ലഭിച്ചു. ഊര്‍ജസംരക്ഷണത്തിനായി ഹരിതം സീഡ് ക്ലൂബ്ബ് തയ്യാറാക്കിയ സന്ദേശങ്ങളുള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് അമ്പലപ്പാറ കെ.എസ്.ഇ.ബി. അധികൃതര്‍ക്ക് കൈമാറി. 'ചങ്ങാതിക്ക് സ്‌നേഹപൂര്‍വം' എന്ന പദ്ധതിയിലൂടെ സീഡ് ക്ലൂബ്ബ് സ്വരൂപിച്ച തുകയും നാട്ടുകാരില്‍നിന്ന് സമാഹരിച്ച തുകയും ചേര്‍ത്ത് 40 വിദ്യാര്‍ഥികള്‍ക്ക് ബാഗും പുസ്തകങ്ങളുമുള്‍പ്പെടെയുള്ള പഠനോപകരണങ്ങളും നല്‍കി. സീഡ് പദ്ധതി തുടങ്ങിയ സമയത്ത് പ്രധാനാധ്യാപികയായിരുന്ന കെ. ഇന്ദിരയും സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദനും കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ട്.