ആലപ്പുഴ: വിദ്യാര്‍ഥികളെ ഭ്രമിപ്പിക്കുന്ന ജംഗ് ഫുഡ് വിദ്യാലയങ്ങളില്‍ നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിലക്ക്. സ്‌കൂള്കലോത്സവങ്ങളില്‍ പ്ലാസ്റ്റിക്കും ഫ്‌ലെക്‌സും ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്ററും മാന്നാര്‍ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയുമായ ബി. ശ്രീലതയുടെ പരിശ്രമമാണ് ഉത്തരവിന് പിന്നില്‍.പഫ്‌സ്, കട്‌ലറ്റ്, പിസ, ബര്‍ഗര്‍, കോള എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണപാനീയങ്ങള്‍ ജംഗ് ഫുഡ് വിഭാഗത്തില്‍പ്പെടും. സ്‌കൂളുകളില്‍ ലഘു ഭക്ഷണമെന്ന നിലയിലും ചിലര്‍ ഉച്ചഭക്ഷണമായും വരെ ജംഗ് ഫുഡ് കൊണ്ടുവരുന്ന രീതി വ്യാപിച്ചിട്ടുണ്ട്. നഗരങ്ങളിലാണ് ഇത് കൂടുതല്‍. സാന്‍ഡ് വിച്ച്, ഫ്രെഞ്ച് ഫ്രൈസ്, പൊട്ടറ്റൊ ഫ്രൈസ്, ചീസ് ഫ്രൈസ്, അല്‍ഫാം, ഗ്രില്‍ഡ് ഹവായ്, ഷവര്‍മ തുടങ്ങിയ വിവിധയിനം ഭക്ഷണസാധനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പ്രിയം വര്‍ധിച്ചിട്ടുണ്ട്. ഇവയ്‌ക്കൊപ്പം ചില കുട്ടികള്‍ കോളയും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയൊന്നും ഇനി സ്‌കൂളുകളില്‍ കൊണ്ടുവരാനോ കഴിക്കാനോ പാടില്ല.വലിയ രീതിയില്‍ കൊഴുപ്പുകൂടാന്‍ ഈ ഭക്ഷണപാനീയങ്ങള്‍ കാരണമാകും. ഇവ കഴിക്കുന്നവരുടെ രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാക്കും. ചെറുപ്രായത്തില്‍ ഇവ കഴിക്കുന്നവരുടെ ഭാവികാലം അത്യന്തം അപകടകരമായിരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ജംഗ്ഫുഡ് ആരോഗ്യത്തിന് ഹാനികരമാണെന്ന് തെളിയിക്കുന്ന വിവിധ പഠനങ്ങളെല്ലാം കാണിച്ച് ശ്രീലത മുഖ്യമന്ത്രിക്ക് നിവേദനം നല്കി. തുടര്‍ന്നാണ് ഉത്തരവിറങ്ങിയത്. ഉത്തരവില്‍ ശ്രീലതയുടെ പരാതി പരാമര്‍ശിക്കുന്നുണ്ട്. ഈ ഉത്തരവില്‍തന്നെ പ്ലാസ്റ്റിക്കും ഫ്‌ലെക്‌സും ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതും പറയുന്നുണ്ട്. മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്ററും മാന്നാര്‍ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയുമായ ബി. ശ്രീലതയുടെ പരിശ്രമമാണ് ഉത്തരവിന് പിന്നില്‍