സീഡിന്റെ കുട്ടികള്‍ ഒത്തുചേര്‍ന്നു, മാലിന്യക്കുളത്തില്‍ തെളിനീര്‍ നിറഞ്ഞു

Posted By : Seed SPOC, Alappuzha On 24th June 2015


ചെങ്ങന്നൂര്‍: നാട്ടില്‍ തെളിനീരിനായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ഒത്തുചേര്‍ന്നു. മാലിന്യ വാഹിയായ കുളം വൃത്തിയായി. ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്സിലെ ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികളാണ് കാടുപിടിച്ച് മാലിന്യം നിറഞ്ഞുകിടന്നിരുന്ന ' മാടയ്ക്കപ്പള്ളില്‍ കുളം' വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയത്. മാലിന്യ നിക്ഷേപകേന്ദ്രമായിരുന്നു ചെറിയനാട്ടെ ഈ കുളം. ഈച്ചയും കൊതുകും മറ്റും പെറ്റുപെരുകി സമീപവാസികള്‍ക്ക് കുളം സാംക്രമിക രോഗഭീഷണി ഉയര്‍ത്തിയിരുന്നു. കെട്ടിക്കിടക്കുന്ന മലിനജലം സമീപത്തെ വീടുകളിലെ കിണര്‍ വെള്ളത്തില്‍ കലരുന്നതായി പരാതി ഉയര്‍ന്നിരുന്നു. മാലിന്യ നിക്ഷേപം മൂലം ദുര്‍ഗന്ധം വമിച്ചിരുന്ന ഇവിടം സീഡ് ക്ലബ്ബിന്റെ 'നാടിനൊരു കുളം നന്മയ്‌ക്കൊരു കുളം' പദ്ധതിയിലൂടെ വൃത്തിയാക്കാന്‍ കുട്ടികള്‍ തീരുമാനിക്കുകയായിരുന്നു. ഇവരുടെ ഉത്സാഹത്തിന് പൂര്‍ണ പിന്‍തുണയുമായി നാട്ടുകാരും അധ്യാപകരും ഒപ്പം ചേര്‍ന്നു. നാല് ദിവസമെടുത്താണ് കുട്ടികള്‍ കുളം വൃത്തിയാക്കിയതെന്ന് സീഡ് കോ ഓര്‍ഡിനേറ്റര്‍ ആര്‍. രാജലക്ഷ്മി പറഞ്ഞു. കുളം വൃത്തിയാക്കിയ കുട്ടികള്‍ അരികില്‍ ചെടികള്‍ നട്ടുപിടിപ്പിക്കുകയും കുളം മലിനമാക്കരുതെന്ന് ബോര്‍ഡും സ്ഥാപിക്കുകയും ചെയ്തു. സീഡ് വിദ്യാര്‍ത്ഥി പ്രതിനിധി കണ്ണന്‍ ആര്‍. നായരുടെ നേതൃത്വത്തില്‍ കുട്ടികള്‍ സമീപത്തെ വീടുകള്‍ കയറി ശുചിത്വ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലത രാമന്‍ നായര്‍ നിര്‍വ്വഹിച്ചു. ചെറിയനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനീഷ്, അധ്യാപികമാരായ ഭാമ, ശ്രീകലാദേവി, രഞ്ജിത, പി.ടി.എ. പ്രസിഡന്റ് വേണുഗോപാല്‍, വിദ്യാര്‍ഥി പ്രതിനിധികളായ കാളിദാസന്‍, അഭിജിത്ത്, ഹരി, ജ്യോതി, ദിവ്യ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Print this news