ഉച്ചയൂണിന് വിഷമില്ലാത്ത സ്വന്തം പച്ചക്കറികള്‍

Posted By : Seed SPOC, Alappuzha On 23rd June 2015


 
ചാരുംമൂട്: വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള കറികള്‍ക്ക് ജൈവ കൃഷിരീതിയിലൂടെ ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറികള്‍. നൂറനാട് സി.ബി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങളായി തീന്‍മേശയിലെത്തുന്നത്. സ്‌കൂള്‍വളപ്പില്‍ത്തന്നെയാണ് പച്ചക്കറിത്തോട്ടം.
നിരവധി പ്രകൃതി, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞവര്‍ഷം സ്‌കൂളില്‍ നടന്നത്. ഹരിതവിദ്യാലയ പുരസ്‌കാരം നേടി മാവേലിക്കര വിദ്യാഭ്യാസജില്ലയില്‍ മൂന്നാംസ്ഥാനത്ത് സ്‌കൂളെത്തി.
ലോക പരിസ്ഥിതിദിനത്തില്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്‌കൂള്‍ അവധിദിനങ്ങളില്‍ പോലും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കിയില്ല. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന സ്‌കൂളില്‍ 75 ഫലവൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. സ്‌കൂളിനു സമീപത്തുള്ള വീടുകളില്‍ വേപ്പിന്‍തൈകള്‍ വച്ച് പരിപാലിക്കുന്നു. ഗ്രോബാഗ് കൃഷിയും വീട്ടിലൊരു കൃഷിത്തോട്ടം പദ്ധതിയും നടപ്പാക്കിവരുന്നു.
ലഹരിവിരുദ്ധ പരിസ്ഥിതി സന്ദേശയാത്ര ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയാണ് ഉദ്ഘാടനം ചെയ്തത്. ലഹരിക്കും മയക്കുമരുന്നിനുമെതിരെ സീഡ് ക്ലബ് അംഗങ്ങള്‍ വീടുവീടാന്തരം ബോധവത്കരണം നടത്തി. ട്രാഫിക് ബോധവത്കരണം കുട്ടികളിലൂടെയെന്ന പദ്ധതി ആര്‍. രാജേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.പി. റോഡിലൂടെ വാഹനങ്ങളില്‍ ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിച്ച് യാത്ര ചെയ്തവര്‍ക്ക് വൃക്ഷത്തൈകള്‍ നല്‍കി. അല്ലാത്തവര്‍ക്ക് നല്ല ട്രാഫിക് ശീലങ്ങളെക്കുറിച്ച് ലഘുലേഖകള്‍ നല്‍കി.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ കണ്ടെത്തി അതില്‍ വെള്ളംനിറച്ച് ചുവട്ടില്‍ ദ്വാരങ്ങള്‍ ഇട്ടു. ഇവ ഗ്രോബാഗില്‍ വച്ച് 'ഡ്രിപ്പ് ഇറിഗേഷന്‍' മോഡല്‍ പ്രാവര്‍ത്തികമാക്കി. തണ്ണീര്‍ത്തടം സംരക്ഷിക്കുന്നതിന് പ്രചാരണങ്ങള്‍ നടത്തി. നാമ്പോഴില്‍ കുളം ശ്രമദാനമായി വൃത്തിയാക്കി.
എല്ലാവരും ഒരുപോലെ എന്ന ആശയ സാക്ഷാത്കാരത്തിനായി 'ഒരുപോലെ' പദ്ധതി നടപ്പാക്കി. കുട്ടികളുടെ സാമ്പത്തിക, സാമൂഹിക പിന്നാക്കാവസ്ഥ മാറ്റുന്നതിനാണ് പദ്ധതി.
തെങ്ങുകയറ്റ പരിശീലനം, പക്ഷിനിരീക്ഷണം, തണ്ണീര്‍ത്തട സംരക്ഷണം, ഗുരുവന്ദനം തുടങ്ങിയ പരിപാടികളും സീഡ് ക്ലബ്ബിന്റെ നേട്ടങ്ങളായി. അധ്യാപകരുടെയും പി.ടി.എ.യുടെയും മാനേജ്‌മെന്റിന്റെയും സഹകരണത്തോടെ സീഡ് കോഓര്‍ഡിനേറ്റര്‍ എസ്. സുനിതയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. 
 
 

Print this news