അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രാങ്കണത്തില്‍ 27 വ്യത്യസ്തയിനം ചെടികള്‍ നിറഞ്ഞ നക്ഷത്രവനം. പരിസ്ഥിതി സംഘടനയായ ഗ്രീന്‍വെയ്‌നിന്റെ പ്രകൃതിസംരക്ഷണ യാത്രയുടെ ഭാഗമായാണ് ക്ഷേത്രാങ്കണത്തില്‍ നക്ഷത്രവനം നട്ടത്. ഹിമാലയം മുതല്‍ കന്യാകുമാരി വരെ രാജ്യത്തെ 676 ജില്ലകളിലൂടെ വൃക്ഷത്തൈകളും വിത്തുകളുമായി നടത്തുന്ന യാത്ര വ്യാഴാഴ്ച ജില്ലയിലെത്തി. വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും നക്ഷത്രവനങ്ങളും ഔഷധത്തോട്ടങ്ങളും നിര്‍മിച്ചും ചെറിയ നഴ്‌സറികള്‍ക്ക് വിത്ത് വിതരണം ചെയ്തുമാണ് യാത്ര കടന്നുപോകുന്നത്. ഹിമാലയത്തിലെ രുദ്രപ്രയാഗില്‍ ഗ്രീന്‍വെയ്‌നിന്റെ നഴ്‌സറിയില്‍നിന്ന് ശേഖരിച്ച ഒരു ലക്ഷത്തിലേറെ വിത്തുകള്‍ യാത്രാവാഹനത്തിലുണ്ട്. ഗ്രീന്‍വെയ്ന്‍ ദേശീയ കോ ഓര്‍ഡിനേറ്റര്‍ സംവിധാനന്ദ് ആണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. അറവുകാട് ക്ഷേത്രാങ്കണത്തില്‍ ചെടി നട്ട് നക്ഷത്രവനം നിര്‍മാണത്തിന് ഇദ്ദേഹം തുടക്കംകുറിച്ചു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ റാഫി രാമനാഥ്, ആര്‍.വേണുഗോപാല്‍, ജി.രാധാകൃഷ്ണന്‍, റോയി കെ.വര്‍ഗീസ് തുടങ്ങിയവര്‍ ജില്ലയില്‍ യാത്രയെ അനുഗമിക്കുന്നു. അറവുകാട് ക്ഷേത്രയോഗം ഭാരവാഹികളും അറവുകാട് ഹൈസ്‌കൂള്‍ സീഡ് ക്ലബ്ബും സാമൂഹ്യശാസ്ത്ര ക്ലബ്ബും ചേര്‍ന്നാണ് യാത്രയെ സ്വീകരിച്ചത്. സ്‌കൂള്‍ മാനേജര്‍ പി.ടി.സുമിത്രന്‍, ജി.നീലാംബരന്‍, ഡി.രഞ്ജന്‍, കെ.ബിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.