ചേര്‍ത്തല: സമൂഹത്തെ നന്മയുടെ വഴികളിലേക്ക് നയിച്ചും പ്രകൃതിക്ക് സംരക്ഷണമൊരുക്കിയും കടക്കരപ്പള്ളി കൊട്ടാരം യു.പി.ജി.എസ്. സീഡ് ക്ലബ്. മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം സ്‌കൂളിനെതേടിയെത്തി. സ്‌കൂള് വളപ്പിലെ കൃഷിയില് തുടങ്ങി ഹര്‍ത്താലിനെതിരായ പടവെട്ടലിലേക്കുവരെ നീളുന്നതായിരുന്നു ക്ലബ്ബംഗങ്ങളുടെ നന്മയ്ക്കുവേണ്ടിയുള്ള പോരാട്ടം.
നന്മയുടെ പോരാട്ടം സ്‌കൂള്‍ വളപ്പില്‍നിന്ന്
സ്‌കൂളിലെ ഉച്ചഭക്ഷണത്തിനാവശ്യമുള്ള പച്ചക്കറിവിഭവങ്ങളെല്ലാം സ്‌കൂള് വളപ്പില്തന്നെ ഉത്പാദിപ്പിച്ചു. വരവ് വിഷപച്ചക്കറികളെ ആശ്രയിക്കുന്ന രീതികള്‍ക്കെതിരെ മുന്നറിയിപ്പും നല്കി. സ്വന്തമായുള്ള കൃഷിക്കൊപ്പം കുട്ടികളുടെ വീടുകളിലും സമീപപ്രദേശങ്ങളിലും ജൈവ പച്ചക്കറി സംസ്‌കാരം വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു .സ്‌കൂള് വളപ്പില് ഗ്രോബാഗിലെ കൃഷിയുമുണ്ട്. 1500 ഗ്രോബാഗുകള് സ്‌കൂളിലും അതിലേറെ പ്രദേശവാസികള്‍ക്കും നല്കിയാണ് കൃഷി സംരക്ഷണം.
സമൂഹത്തിലും ഇടപെടല്‍
പഞ്ചായത്തിലെ മലിനമായ പുത്തന്തോടിന്റെ രക്ഷയ്ക്കായി ക്ലബ്ബംഗങ്ങള് തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. തോട് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രദേശവാസികളുടെ സഹകരണത്തോടെ അധികൃതരിലേക്കെത്തിച്ച ശേഷമായിരുന്നു പ്രതിഷേധം. കടക്കരപ്പള്ളി ഗ്രാമത്തെ ലഹരിവിമുക്ത ഗ്രാമമാക്കുന്നതിന് ഗ്രാമപ്പഞ്ചായത്തുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്തു.
സംസ്ഥാനത്തിന് മാതൃകയായി ഇ വേസ്റ്റുശേഖരണം
സംസ്ഥാനത്താദ്യമായി ഇവേസ്റ്റുശേഖരണത്തിന് ക്ലീന് കേരളയുമായി സഹകരിച്ച് പദ്ധതികള് നടപ്പാക്കി. കാന്‍സര്‍ രോഗ വിദഗ്ധന് ഡോ. വി.പി.ഗംഗാധന്റെ നേതൃത്വത്തിലുള്ള സെമിനാറിന് ശേഷമായിരുന്നു പദ്ധതിക്കു തുടക്കമിട്ടത്. കുടുംബശ്രീയുമായി കൈകോര്‍ത്ത് വാര്‍ഡുതലത്തില് ഇവേസ്റ്റു ശേഖരണത്തിനായി സമിതികള്‍ക്ക് രൂപംനല്കി. മഴവെള്ളം സംഭരിച്ചായിരുന്നു ഈ വര്ഷത്തെ പ്രവര്‍ത്തനം .ഇതിനു പുറമെ മഴക്കുഴികള് സ്‌കൂളിലും ക്ലബ്ബംഗങ്ങളുടെ വീടുകളിലും ഉണ്ടാക്കി . ശുചിത്വഗ്രാമം എന്റെ അഭിമാനം എന്ന കാമ്പയില് ഏറ്റെടുത്തു. 2500 വൃക്ഷത്തൈ നട്ടു. മുഖ്യമന്ത്രിയുടെ പുനര്‍ജ്ജനി ഫണ്ടിലേക്ക് 10,000 രൂപ സമാഹരിച്ചു നല്കി .ഹര്‍ത്താല് പോലുള്ള ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരരീതികള്‍ക്കെതിരെ സ്പീക്കര്‍ക്ക് നിവേദനം നല്കി. സ്‌കൂളിലെ അധ്യാപകരും പി.ടി.എ.യും എല്ലാ പിന്തുണയും നല്കി പ്രവര്‍ത്തിച്ചതാണ് സ്‌കൂളിന്റെ നേട്ടത്തിന് വഴിതെളിച്ചത്. സീഡ് കോഓര്‍ഡിനേറ്റര്‍ കെ.ടി. മോളിയായിരുന്നു. സ്‌കൂളിലെ മികച്ച കര്‍ഷകനും സീഡ് പ്രവര്‍ത്തകനുമായ സൂരജിനെ ജില്ലയിലെതന്നെ ജെം ഓഫ് സീഡായി തിരഞ്ഞെടുത്തു.