കോഴിക്കോട്: വിപ്രോ, നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സ് (എന്‍.സി.ബി.എസ്.) എന്നിവയുടെ സഹകരണത്തോടെ മാതൃഭൂമി സീഡ് നടപ്പാക്കുന്ന സീസണ്‍വാച്ച് പദ്ധതിയിലെ 2014-15 വര്‍ഷത്തെ വിജയികളെ പ്രഖ്യാപിച്ചു. തൃശ്ശൂര്‍ ജില്ലയിലെ സി.എം.ജി.എച്ച്.എസ്.എസ്. കുറ്റൂര്‍ ഒന്നാംസ്ഥാനവും തിരുവനന്തപുരം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ്. ആലങ്കോട് രണ്ടാംസ്ഥാനവും ഐശ്വര്യ പബ്ലിക് സ്‌കൂള്‍, കൊല്ലം മൂന്നാംസ്ഥാനവും തൃശ്ശൂര്‍ ജില്ലയിലെ എടത്തിരിഞ്ഞി എച്ച്.ഡി.പി. സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രത്യേക പുരസ്‌കാരവും നേടി. കാലാവസ്ഥാവ്യതിയാനംമൂലം മരങ്ങളിലും സമീപ ആവാസവ്യവസ്ഥിതികളിലും വരുന്ന മാറ്റത്തെക്കുറിച്ച് പഠിക്കുന്ന പദ്ധതിയാണ് സീസണ്‍വാച്ച്. കേരളത്തില്‍ വ്യാപകമായി കാണപ്പെടുന്ന തിരഞ്ഞെടുക്കപ്പെട്ട 25 മരങ്ങളെ വിദ്യാര്‍ഥികള്‍ നിരീക്ഷിക്കുകയും നിരീക്ഷണ വിവരങ്ങള്‍ സീസണ്‍വാച്ച് വെബ്‌സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുകയും ഈ വിവരങ്ങളുടെ പഠനത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുകയുമാണ് സീസണ്‍ വാച്ചിലൂടെ ചെയ്യുന്നത്. കേരളത്തിലെ 300-ല്‍ അധികം സീഡ് വിദ്യാലയങ്ങളിലാണ് സീസണ്‍ വാച്ച് പദ്ധതി നടപ്പാക്കുന്നത്. സീസണ്‍വാച്ച് പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്ത വിദ്യാലയങ്ങള്‍ക്കാണ് പുരസ്‌കാരങ്ങള്‍. 2014-15 വര്‍ഷത്തില്‍ 4626 മരങ്ങളില്‍നിന്ന് 5925 നിരീക്ഷണങ്ങളാണ് സീഡ് വിദ്യാര്‍ഥികള്‍ ശേഖരിച്ചത്.