മലപ്പുറം: അറുക്കരുത് ചാലിയാറിന്റെ ജലഞരമ്പുകള്‍

Posted By : mlpadmin On 13th June 2015


 നിലമ്പൂര്‍: മണലൂറ്റിയും മാലിന്യമിട്ടും ചാലിയാറിനെ കൊല്ലുന്നത് തടയാന്‍ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന് ഏഴാം ക്ലാസ്സുകാരിയുടെ നിവേദനം.
എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്‌കൂള്‍ വിദ്യാര്‍ഥിയും മാതൃഭൂമി സീഡ്‌റിപ്പോര്‍ട്ടറുമായ കെ. യമുനയാണ് രണ്ടുജില്ലകളുടെ ജലസമ്പത്തായ പുഴയുടെ ആസന്നമരണത്തെക്കുറിച്ച് അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ രംഗത്തിറങ്ങിയത്. 
മണലൂറ്റല്‍കാരണം ചാലിയാറിന്റെ ആഴംകൂടി കരകള്‍ ഇടിഞ്ഞ് ഉറവവറ്റിയിരിക്കുകയാണ്. മാലിന്യവാഹിനികൂടിയാണീപ്പുഴ. ചാലിയാര്‍ പഞ്ചായത്തിന്റെ പ്രവേശനകവാടമായ മൈലാടിപാലത്തിനു സമീപം മാലിന്യകേന്ദ്രമാണ്. പുഴയില്‍ കുളിക്കാനെത്തുന്നവര്‍ ചെറിയ കവറുകളിലും വാഹനങ്ങളില്‍ വരുന്നവര്‍ വലിയചാക്കു കെട്ടുകളിലുമാണ് ഇവിടെ മാലിന്യംകൊണ്ടിടുന്നത്. വെളിയന്തോട് മുതല്‍ മൈലാടിപാലംവരെ റോഡിനിരുവശവും മാലിന്യക്കൂമ്പാരമായിരിക്കുന്നു. ഇതുമുഴുവന്‍ പുഴയിലേക്കാണ് ഒഴുകുന്നത്.
നാടെങ്ങും മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ചാലിയാറിന്റെ തീരം സാംക്രമികരോഗങ്ങളുടെ കേന്ദ്രമായിരിക്കുകയാണ്. നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ച് മാലിന്യമിടുന്നവരെപിടിക്കണമെന്നാണ് ഈ കൊച്ചുവിദ്യാര്‍ഥിയുടെ അപേക്ഷ.
യമുനയുടെയും കൂട്ടുകാരുടെയും കുഞ്ഞുകൈകള്‍ ചാലിയാറിനെ പച്ചപുതപ്പിക്കാന്‍ തയാറെടുക്കുന്നുണ്ട്. എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്‌കൂളിലെ സീഡ്ക്ലബ് വനംവകുപ്പുമായി ചേര്‍ന്ന് ചാലിയാറിന്റെ തീരത്ത് ശനിയാഴ്ച പതിനായിരം മുളന്തൈകള്‍ നടും.

Print this news