പാലാ: മഹാകവി പ്രവിത്താനം ദേവസ്യായുടെ സ്മരണകളില്‍ നിറഞ്ഞ് പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി ഹൈസ്‌ക്കൂളില്‍ വിജയദിനമാഘോഷിച്ചു. പാഠ്യ പാഠ്യേതര പ്രവര്‍ത്തങ്ങളില്‍ തിളക്കമാര്‍ന്ന നേട്ടം കരസ്ഥമാക്കിയതിന്റെ ഭാഗമായാണ് വിജയദിനമാഘോഷിച്ചത്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു വിജയദിനാഘോഷം. മാര്‍ക്കുകള്‍ക്കപ്പുറം മനസ്സുകളെ ദീപ്തമാക്കാന്‍ വായനയും ചര്‍ച്ചാവേദികളും വിദ്യാര്‍ഥികള്‍ക്ക് അനിവാര്യമാെണന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ പാലാ രൂപത കോര്‍പ്പറേറ്റ് സെക്രട്ടറിയും പ്രശസ്ത വാഗ്മിയുമായ ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. ഇഛാശക്തിയും കഠിനാധ്വാനവും വിദ്യാര്‍ഥികള്‍ക്ക് ഗ്രാമനഗര വ്യത്യാസങ്ങളില്ലാതെ ഉന്നതനേട്ടങ്ങള്‍ കരസ്ഥമാക്കുവാന്‍ വഴിയൊരുക്കും. കിട്ടിയ നേട്ടങ്ങളേക്കാള്‍ കിട്ടാത്തവയേക്കുറിച്ചുള്ള അന്വേഷണമാണ് ഓരോ വിദ്യാര്‍ഥിയുടെയും ഭാവി നേട്ടങ്ങളുടെ അടിസ്ഥാന ശിലയെന്നും അദ്ദേഹം പറഞ്ഞു. സംതുലിതമായ വാര്‍ത്തകളാണ് മാതൃഭൂമിയുടെ വ്യത്യസ്തതയെന്നും അദേഹം പറഞ്ഞു.
മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ടി.കെ. രാജഗോപാല്‍ വിജയദിനമാഘോഷം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ.തോമസ് നടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. മാതൃഭൂമി സീഡിന്റെയും നന്മയുടെയും പുരസ്‌കാര തുക ഉപയോഗിച്ച് പണിതീര്‍ത്തു നല്‍കുന്ന ബഞ്ചുകളുടെ സമര്‍പ്പണം മാതൃഭൂമി കോട്ടയം യൂണിറ്റ് മാനേജര്‍ ടി.സുരേഷ് നിര്‍വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈക്കിള്‍ പുല്ലുമാക്കല്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി. ഉന്നത വിജയങ്ങള്‍ നേടിയ പൂര്‍വ വിദ്യാര്‍ഥി നിബിന്‍ പോളിനെ ചടങ്ങില്‍ ആദരിച്ചു. ഹെഡ്മാസ്റ്റര്‍ സണ്ണി അഗസ്റ്റ്യന്‍, കൊല്ലപ്പിള്ളി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ബി. ഹരിദാസന്‍, പി.ടി.എ. പ്രസിഡന്റ് ജോയിസ് കരോട്ടുതാഴത്ത് സീഡ് കോ-ഓര്‍ഡിനേറ്റര്‍ എ.ജി. ഷിനുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.