സീഡും നന്മയും ഒത്തുചേര്‍ന്നു; എടതിരിഞ്ഞിയില്‍നിന്ന് അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു കൈ സഹായം

Posted By : tcradmin On 9th June 2015


എടതിരിഞ്ഞി: എച്ച്.ഡി.പി. സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സീഡ്, നന്മ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ അട്ടപ്പാടിയിലെ പാവപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹത്തിന്റെ ഒരു കൈ സഹായം.
മാതൃഭൂമി ക്ലബ്ബ് എഫ്.എമ്മിന്റെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന 'പാഠം ഒന്ന് ഒരു കൈ സഹായം' പദ്ധതിയിലേക്ക് പഠനോപകരണങ്ങള്‍ ശേഖരിച്ച് നല്‍കിയാണ് സ്‌കൂളിലെ സീഡിന്റെയും നന്മയുടെയും കൂട്ടുകാര്‍ മാതൃകയായത്.
കുട്ടികളുടെ പിറന്നാളും വീട്ടിലെ മറ്റ് ആഘോഷവേളകളും നടക്കുമ്പോള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായും എന്തെങ്കിലും മാറ്റിവെയ്ക്കുന്ന പതിവ് തെറ്റിക്കാതെ സ്വരൂപിച്ച തുകയാണ് പഠനോപകരണങ്ങള്‍ വാങ്ങാനായി ഉപയോഗിച്ചത്. ഇതിന് അധ്യാപകരുടെ നിരന്തര പ്രോത്സാഹനവും തുണയായതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
അട്ടപ്പാടിയിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ബാഗുകള്‍, പുസ്തകങ്ങള്‍, പേനകള്‍, നോട്ടുബുക്കുകള്‍, കുടകള്‍ തുടങ്ങിയവയാണ് പലപ്പോഴായി സ്വരൂപിച്ച തുക ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ വാങ്ങിയത്. സ്‌കൂളിലെ സീഡ് നന്മ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ പി. ശ്രീദേവി, പ്രിന്‍സിപ്പല്‍ ടി.ജെ. ബിനി, അധ്യാപിക ആര്‍ച്ച ഗിരീഷ്, വിദ്യാര്‍ഥികളായ ശ്രീഹരി, കനിഷ്‌ക, ഗോവിന്ദ്, അനന്യ, അനന്തു, സമീറ എന്നിവരാണ് നേതൃത്വം നല്‍കിയത്.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മാതൃഭൂമി ക്ലബ്ബ് എഫ്.എം. തൃശ്ശൂര്‍ യൂണിറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ ആര്‍ജെ സുബ്ബു വിദ്യാര്‍ഥികള്‍ സ്വരൂപിച്ച പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി.

Print this news