പ്രകൃതിസ്‌നേഹത്തിന് മാതൃകയായ അമ്മയ്ക്കും മകൾക്കും മാതൃഭൂമി സീഡിന്റെ ആദരം

Posted By : Seed SPOC, Alappuzha On 9th June 2015


 അമ്പലപ്പുഴ: അഞ്ചേക്കർ ഭൂമിയെ വനമാക്കി പരിപാലിച്ച് പ്രകൃതിസ്‌നേഹം ജീവിത വ്രതമാക്കിയ അമ്മയും മകളും കുട്ടികൾക്ക് ആവേശമായി. നീർക്കുന്നം എസ്.ഡി.വി. സർക്കാർ യു.പി.സ്‌കൂളിൽ നടന്ന മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ റവന്യൂ ജില്ലാതല ഉദ്ഘാടനച്ചടങ്ങിലാണ് കണ്ടല്ലൂർ പുതിയ വിളയിലെ ദേവകിയമ്മയെയും മകൾ തങ്കമണി ടീച്ചറെയും ആദരിച്ചത്.

ദേവകിയമ്മയും തങ്കമണി ടീച്ചറും പിന്നിട്ട വഴികൾ വിവരിച്ചപ്പോൾ നീണ്ട കരഘോഷമാണ് കുട്ടികൾക്കിടയിൽനിന്ന് ഉയർന്നത്. ജീവിതത്തിൽ പുത്തൻ ഉണർവും ഉത്സാഹവുമാണ് പ്രകൃതി സ്‌നേഹം നൽകിയതെന്നായിരുന്നു ദേവകിയമ്മ പറഞ്ഞത്. അമ്മയുടെ വഴികളിലൂടെ സഞ്ചരിച്ച അനുഭവങ്ങളാണ് തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ പരിസ്ഥിതി എൻജിനീയറിങ് വിഭാഗം മേധാവിയായി വിരമിച്ച തങ്കമണി ടീച്ചർ പങ്കുവച്ചത്.  അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ധ്യാനസുതൻ ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു.  
 
 

Print this news