അമ്പലപ്പുഴ: വെള്ള ക്യാൻവാസിലെ മരത്തിന്റെ ചിത്രത്തിൽ കുഴച്ചമണ്ണ് കൊണ്ട് കൈയൊപ്പ് ചാർത്തി പുതുവർഷത്തിലെ മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നീർക്കുന്നം എസ്.ഡി.വി. സർക്കാർ യു.പി. സ്‌കൂളിലാണ് ഏഴാം വർഷത്തിലേക്ക് കടന്ന മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ റവന്യൂ ജില്ലാതല ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണവും നടന്നത്. പുതുതലമുറയെ പ്രകൃതി സ്‌നേഹത്തിന്റെ വഴികളിലേക്ക് കൈപിടിച്ചു നടത്തുന്ന സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ കുട്ടികളുടെ ആരവങ്ങൾക്കൊപ്പം പ്രകൃതിയുടെ അനുഗ്രഹം പോലെ മഴയും പെയ്തിറങ്ങി. സ്‌കൂൾ ലീഡർ ആർ. സംഗീത ചൊല്ലിയ പ്രതിജ്ഞ വേദിയും സദസ്സും ഏറ്റു ചൊല്ലി. സിനിമാ നടനും കർഷനുമായ കൃഷ്ണപ്രസാദ് ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. തൈ നടുന്നവർക്ക് അതിനെ പരിപാലിച്ച് വളർത്താനുള്ള ബാധ്യതയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരം വളരുന്നതിനൊപ്പം നമ്മുടെ മനസ്സും വളരും. പ്രകൃതിയെ സ്‌നേഹിക്കുന്നവർ വലിയ മനസ്സിന് ഉടമകളാകും. മാതാപിതാക്കളെയും ഗുരുക്കന്മാരെയും ആദരിക്കുന്ന പോലെ പ്രകൃതിയെയും ആദരിക്കണം. മാതൃഭൂമി സീഡിന്റെ സാമൂഹ്യ ഇടപെടൽ പുതിയ തലമുറയ്ക്ക് വലിയ കരുത്താണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ മാതൃഭൂമി ജെം ഓഫ് സീഡ് പുരസ്‌കാര ജേതാവ് കടക്കരപ്പള്ളി സർക്കാർ ജി.പി.ജി.എസ്സിലെ പി.എസ്. സൂരജ് ആണ് ആദ്യ കൈയൊപ്പ് ചാർത്തിയത്. ബെസ്റ്റ് സീഡ് ടീച്ചർ കോ ഓർഡിനേറ്റർ പുന്നപ്ര യു.പി.സ്‌കൂളിലെ വിനോദ് രാജൻ മണ്ണ് സന്ദേശം നൽകി.
മാതൃഭൂമി ന്യൂസ് എഡിറ്റർ എസ്. പ്രകാശ് അധ്യക്ഷത വഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ജിമ്മി കെ.ജോസ്, ഫെഡറൽ ബാങ്ക് എ.ജി.എം. കെ.വി. ജോസ്, അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. ധ്യാനസുതൻ, അമ്പലപ്പുഴ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.പി. കൃഷ്ണദാസ്, പ്രഥമാധ്യാപിക എൻ.കെ. പ്രസന്നകുമാരി, എസ്.എം.സി. ചെയർമാൻ യു. രാജുമോൻ, മാതൃഭൂമി സോഷ്യൽ ഇനിഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.