പയ്യന്നൂര്‍: ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബും പി.ടി.എ.യും ചേര്‍ന്നു സംഘടിപ്പിച്ച പ്രവേശനോത്സവം വ്യത്യസ്തമായ ചടങ്ങായി. നാടിന്റെ നേര് പാടുകയും കഥകള്‍ പറഞ്ഞുപറഞ്ഞ് കുഞ്ഞുമനസ്സുകളെ ഭാവനയുടെ ലോകത്തേക്ക് പിച്ചവയ്പിക്കുകയും ചെയ്യുന്ന മുത്തശ്ശിയുടെ ശില്പമാണ് അവരെ വരവേറ്റത്.
അണുകുടുംബങ്ങള്‍ വന്നതോടെ മുത്തശ്ശിമാര്‍ ഇല്ലാതായി. കാലത്ത് സ്‌കൂള്‍മുറ്റത്ത് ചിരിതൂകി നില്‍ക്കുന്ന മുത്തശ്ശി കുട്ടികള്‍ക്ക് ഇഷ്ടകാഴ്ചയായി. ശില്പി സുരേന്ദ്രന്‍ കൂക്കാനമാണ് ഏറ്റുകുടുക്ക എ.യു.പി. സ്‌കൂള്‍ കുട്ടികള്‍ക്കായി ശില്പമൊരുക്കിയത്.
ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഗൗരി നിര്‍വഹിച്ചു. ശില്പി സുരേന്ദ്രന്‍ കൂക്കാനത്തെ കെ.സുകുമാരന്‍ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. പി.ടി.എ. പ്രസിഡന്റ് എം.വി.സുനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. കോട്ടമ്പത്ത് നാരായണന്‍. പി.വി.ബാലന്‍, ടി.വിജയന്‍, ടി.തമ്പാന്‍, എന്‍.സുനില്‍കുമാര്‍, കെ.സുലോചന, എന്‍.ഭരത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപിക സി.ശ്രീലത സ്വാഗതവും സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.