കൂത്തുപറമ്പ്: വേനലവധിക്കാലത്ത് സഹപാഠികളും സുഹൃത്തുക്കളും കളിച്ചുല്ലസിക്കുമ്പോള്‍ കൂത്തുപറമ്പ് ഹൈസ്‌കൂളിലെ സീഡ്ക്ലബ്ബംഗങ്ങള്‍ സമീപത്തുള്ള ആദിവാസി കോളനികള്‍ സന്ദര്‍ശിക്കുന്ന തിരക്കിലായിരുന്നു.
ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം പഞ്ചായത്തുകളിലെയും കൂത്തുപറമ്പ് നഗരസഭയിലെയും വിവിധ കോളനികളില്‍ ചെന്നെത്തിയ അവര്‍ കണ്ടത് പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന മനുഷ്യരുടെ ദയനീയമുഖങ്ങള്‍. തങ്ങളുടെ സമീപത്തുള്ളവര്‍ ഇത്രയും പ്രയാസങ്ങള്‍ അവുഭവിക്കുന്നവരാണെന്ന സത്യം കുരുന്നുകളെ വേദനിപ്പിച്ചു. ദുരിതജീവിതം നയിക്കുന്നവര്‍ക്ക് സാന്ത്വനമേകാനെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സമക്ഷത്തിലേക്ക് സീഡ് റിപ്പോര്‍ട്ടര്‍ സ്വീറ്റി സുന്ദര്‍ ആദിവാസി കോളനികളിലെ ദുരിതക്കാഴ്ചകളെത്തിക്കുന്നു.
'വളരെ ദുരിതപൂര്‍ണമാണ് സാര്‍ ഞങ്ങള്‍ സന്ദര്‍ശിച്ച ഒരോ കോളനിയുടെയും അവസ്ഥ. ജീര്‍ണിച്ച് പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളില്‍ ജീവിതം തള്ളിനീക്കുന്നവര്‍, നിത്യ രോഗികള്‍, സ്വന്തമായി കക്കൂസില്ലാത്തവര്‍, വൈദ്യുതി ലഭിക്കാത്തവര്‍, റേഷന്‍ കാര്‍ഡില്ലാത്തവര്‍, വാര്‍ധക്യപെന്‍ഷന്‍ ലഭിക്കാത്തവര്‍, വര്‍ഷങ്ങളായിട്ടും കൈവശഭൂമിക്ക് പട്ടയം ലഭിക്കാത്തവര്‍, വിളര്‍ച്ച ബാധിച്ച കുട്ടികള്‍ തുടങ്ങി ഓരോ കാഴ്ചയും അത്യന്തം വേദനാജനകമായിരുന്നു. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കോളനികളില്‍ ഭൂരിഭാഗവും പണിയ വിഭാഗക്കാരാണ് താമസിക്കുന്നത്. പറമ്പത്ത് കോളനിയിലെ മൂന്ന് വീടുകള്‍ക്കുകൂടി ഒരു കക്കൂസാണുള്ളത്. മുടപ്പത്തൂര്‍ ലക്ഷംവീട് കോളനിയില്‍ 10 കുടുംബങ്ങളുണ്ട്. മിക്കതും ജീര്‍ണിച്ച് നിലംപൊത്താറായിരിക്കുന്നു.
ഒന്നാംവാര്‍ഡിലെ 29ാം നമ്പര്‍ വീട്ടില്‍ ഇനിയും വൈദ്യുതി എത്തിയിട്ടില്ല.
പൂയോട് ലക്ഷംവീട് കോളനിയിലെ ബേത്തി 15 വര്‍ഷമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുടില്‍കെട്ടി താമസിക്കുന്നു. ആറ് അംഗങ്ങള്‍ താമസിക്കുന്നിടത്ത് കക്കൂസോ കുളിമുറിയോ കിണറോ വൈദ്യുതിയോ ഇല്ല. ഇവിടെയും മൂന്ന് കുട്ടികളുണ്ട്. അരിങ്ങോട്ടുംകണ്ടി കോളനിയിലെ 10 വീടുകളില്‍ മൂന്ന് വീടുകളില്‍ വൈദ്യുതി ഇല്ല.
ഒരു തരത്തിലുള്ള നവീകരണവും നടക്കാത്തതിനാല്‍ വാതിലുകളും ജനല്‍പ്പാളികളും നശിച്ചുതുടങ്ങിയിരിക്കുന്നു.
കണ്ണവം പണിയകോളനിയിലെ 1960ല്‍ ഭൂമി പതിച്ച് കിട്ടിയ നാല് കുടുംബങ്ങള്‍ക്ക് ഇനിയും പട്ടയം ലഭിച്ചിട്ടില്ല. ഒറ്റമുറിയുള്ള പ്ലാസ്റ്റിക്ക് ഷീറ്റ് മൂടിക്കൊണ്ടാണ് മിക്ക കുടുംബങ്ങളും ഇവിടെ താമസിക്കുന്നത്.
പാട്യം പഞ്ചായത്തിലെ 12ാം വര്‍ഡിലെ അമ്മപറമ്പ് കോളനിയിലെ രവിയുടെയും രാജന്റെയും കുടുംബത്തിന് റേഷന്‍ കാര്‍ഡുപോലും ലഭിച്ചിട്ടില്ല. കൂത്തുപറമ്പ് നഗരസഭയിലെ സൂര്യന്‍കുന്ന് ലക്ഷംവീട് കോളനിയിലെ പലവീടുകളിലും കുളിമുറിയോ അടച്ചുറപ്പുള്ള കക്കൂസോ ഇല്ല.
ഇവരുടെ യാതനകളും വേദനകളും കണ്ട് ഞങ്ങള്‍ മരവിച്ചുപോയി. വിശപ്പിന്റെ തേങ്ങല്‍ ഞങ്ങള്‍ അവിടെ കേട്ടു. രോഗത്തിന്റെ ഞരക്കങ്ങള്‍ അനുഭവിച്ചു. ഈ കാലത്തും ഇങ്ങനെ ജീവിക്കുന്നവരുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ നടുക്കം തോന്നി. ഇവിടെയുള്ള കുഞ്ഞുങ്ങള്‍ക്ക് എങ്ങനെയാണ് പഠിക്കാനാവുക'?