മഞ്ചേരി: ഹരിതാഭമായഭാവിക്ക് പ്രതീക്ഷയേകിയ മാതൃഭൂമി 'സീഡ്' പദ്ധതിയുടെ ഏഴാംവർഷപ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. മെഡിക്കൽ പ്രവേശനപ്പരീക്ഷയിലെ ഒന്നാംറാങ്ക് ജേതാവ് പി.ഹിബ, മഞ്ചേരി വീമ്പൂർ ഗവ. യു.പി.എസിൽ ഉദ്ഘാടനം നിർവഹിച്ചു.
നനഞ്ഞമണ്ണിൽ കൈയമർത്തിയശേഷം ഒപ്പുചാർത്തി ഹിബ പുതിയ അധ്യയനവർഷത്തെ സീഡ് പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. ആരോഗ്യമുള്ളമണ്ണ് ആരോഗ്യമുള്ള ജീവിതമെന്ന സന്ദേശവുമായി അന്താരാഷ്ട്ര മണ്ണുവർഷാചരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുടർന്ന് പ്‌ളാവിൻതൈയും നട്ടു. ചടങ്ങിൽ പങ്കെടുത്ത അതിഥികളും ൈകയൊപ്പ് ചാർത്തി.
പഠനത്തോടൊപ്പം പ്രകൃതിസംരക്ഷണവും നമ്മുടെ ലക്ഷ്യമാകണമെന്ന് ജില്ലയുടെ അഭിമാനതാരം പറഞ്ഞപ്പോൾ കുരുന്നുകൾ നിറഞ്ഞ ൈകയടിയോടെ അത് സ്വീകരിച്ചു. പരിസ്ഥിതിക്കായി കാവലും കരുതലുമാകാൻ തങ്ങൾ തയ്യാറെന്ന് വിദ്യാർത്ഥികൾ വിളിച്ചുപറയുന്ന മൂല്യമേറിയ നിമിഷത്തിന് വിദ്യാലയം സാക്ഷിയായി. വിദ്യാർത്ഥികൾക്ക് മുന്നൂറോളം തൈകളും വിതരണംചെയ്തു. ഉദ്ഘാടനയോഗത്തിൽ മാതൃഭൂമി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ഇ.സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ ചുമതല വഹിക്കുന്ന പി.പി.നീലകണ്ഠൻ, ഫെഡറൽ ബാങ്ക് റീജണൽ റിക്കവറി മാനേജർ സൻജീവ് പ്രഭു, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.ടി. അനിത, സ്‌കൂൾ പി.ടി.എ.പ്രസിഡന്റ് കുറ്റിക്കാടൻ കുഞ്ഞിമുഹമ്മദ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു. മാതൃഭൂമി റീജണൽ മാനേജർ വി.എസ്.ജയകൃഷ്ണൻ സ്വാഗതവും പ്രഥമാധ്യാപകൻ എ.എം.അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു.
സമൂഹ്യവനവത്കരണ വിഭാഗത്തിന് നൽകിയ വൃക്ഷതൈകൾ ചടങ്ങിൽ വിതരണം ചെയ്തു.