ബോധവത്കരിക്കാന്‍ ആന്റിപ്ലാസ്റ്റിക് സേന പുകയില കുറയ്ക്കാന്‍ ഇന്ദ്രജാലം

Posted By : klmadmin On 4th August 2013


 പുനലൂര്‍: വെറുതെ പറഞ്ഞാല്‍ ആളുകള്‍ പുകയില ഉപയോഗം കുറയ്ക്കില്ലെന്ന് കാര്യറ ആര്‍.ബി.എം. യു.പി.സ്‌കൂളിലെ കൊച്ചുകൂട്ടുകാര്‍ക്ക് നന്നായി അറിയാം. അതിനവര്‍ കണ്ടുപിടിച്ച മാര്‍ഗം ഇന്ദ്രജാലപ്രകടനമായിരുന്നു. വിളക്കുടി ഗ്രാമപ്പഞ്ചായത്തില്‍ ഉള്‍പ്പെട്ട കാര്യറയെ പുകയിലവിരുദ്ധ ഗ്രാമമാക്കാന്‍ കുട്ടികളുടെ ആവശ്യപ്രകാരം മജീഷ്യന്‍ ആര്‍.സി.ഡോണ്‍ ഇന്ദ്രജാലപ്രകടനം നടത്തി. പുകയിലയുടെ അമിത ഉപയോഗം വരുത്തുന്ന ദുരന്തങ്ങളുടെ കാഴ്ച നിറച്ച പ്രകടനം കുട്ടികളെയും നാട്ടുകാരെയും ഉള്‍പ്പെടെ ഒട്ടേറെപ്പേരെ സ്വാധീനിച്ചെന്നാണ് സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്താന്‍ മാതൃഭൂമി ആവിഷ്‌കരിച്ച് സ്‌കൂളുകളില്‍ നടപ്പാക്കുന്ന സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡെവലപ്പ്‌മെന്റ് എന്ന സീഡ് പദ്ധതിയുടെ ഭാഗമായിരുന്നു കാര്യറ ആര്‍.ബി.എം. യു.പി.സ്‌കൂളില്‍ കുട്ടികളുടെ ഈ സംരംഭം. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ ഇവിടംകൊണ്ട് അവസാനിച്ചില്ല. പ്ലാസ്റ്റിക് മാലിന്യങ്ങളെ അലങ്കാരവസ്തുക്കളാക്കാനും വൈദ്യുതോപകരണങ്ങളുടെ ഉപയോഗം കുറയ്ക്കാനുമൊക്കെ ജനങ്ങളെ ബോധവത്കരിക്കാന്‍ കുട്ടികള്‍ നാട്ടിലിറങ്ങി. കുരുന്നുകളുടെ ഈ നിസ്വാര്‍ത്ഥമായ അധ്വാനത്തിന് ഒടുവില്‍ അംഗീകാരവും കിട്ടി. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തിലെ സീഡ് പ്രവര്‍ത്തനങ്ങളില്‍ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ മൂന്നാംസ്ഥാനത്തിന് തിരഞ്ഞെടുക്കപ്പെട്ടത് കാര്യറ ആര്‍.ബി.എം. യു.പി.സ്‌കൂളായിരുന്നു. സമ്മാനമായി 10,000 രൂപയും പ്രശംസാപത്രവും ഇവര്‍ക്ക് ലഭിക്കും.
പ്രഥമാധ്യാപികയായിരുന്ന യു.നൂറുന്നിസാബീഗത്തിന്റെയും സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.ഷാഹിദാബീവിയുടെയും നേതൃത്വത്തിലായിരുന്നു കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍. സ്‌കൂളില്‍ രൂപവത്കരിച്ച ആന്റി പ്ലാസ്റ്റിക് സേന നാട്ടില്‍നിന്ന് പ്ലാസ്റ്റിക് ശേഖരിച്ചു. ഇവയിലെ മിഠായി കവറുകള്‍കൊണ്ട് മനോഹരമായ പൂക്കളും മാലകളും നിര്‍മ്മിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ സ്‌കൂളിന് പരിസരത്തുള്ള ലക്ഷം വീട് കോളനിയിലെ താമസക്കാരെ ബോധവത്കരിച്ചു. ഈ ആശയം ഉള്‍ക്കൊള്ളിച്ച് സ്ഥലത്തെമ്പാടും പോസ്റ്ററുകള്‍ പതിച്ചു. ജൈവവളം നിര്‍മ്മിക്കാന്‍ സ്‌കൂളില്‍ കമ്പോസ്റ്റ് കുഴിയെടുത്തു. ഈ ജൈവവളം സ്‌കൂളിലെ കൃഷിക്ക് ഉപയോഗപ്പെടുത്തിയതിന് പുറമേ വിതരണവും നടത്തി. ജൈവകീടനാശിനിയും നിര്‍മ്മിച്ചു. വൈകിട്ട് ആറുമുതല്‍ രാത്രി ഒമ്പതുവരെ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ നടത്തിയ പരിശ്രമം ഏറെ ശ്രദ്ധനേടി. സാധാരണ ബള്‍ബുകള്‍ ഒഴിവാക്കി സി.എഫ്.എല്‍. ഉപയോഗിച്ചതടക്കമായിരുന്നു ഇത്. ഈ ബോധവത്കരണം പ്രയോജനപ്പെട്ടെന്ന് ഉറപ്പിച്ചത് വൈദ്യുതി ബില്ലിന്റെ നിരീക്ഷണത്തിലൂടെയായിരുന്നു. 460 രൂപവരെ അടച്ചിരുന്നവരുടെ ബില്‍ 250 രൂപയിലേക്ക് ചുരുങ്ങിയത് സീഡ് ക്ലബ്ബ് അംഗങ്ങള്‍ക്ക് നല്‍കിയ ആത്മവിശ്വാസം കുറച്ചൊന്നുമല്ല. സ്‌കൂളില്‍ പാത്രവും കൈയും കഴുകുന്ന വെള്ളം വെറുതെ ഒഴുക്കിക്കളഞ്ഞില്ല, പകരം ചെടികള്‍ നനയ്ക്കാന്‍ ഉപയോഗിച്ചു. മഴക്കുഴികള്‍ നിര്‍മ്മിച്ചു. സ്‌കൂള്‍ വളപ്പില്‍ വ്യാപകമായി മരത്തൈകള്‍ നട്ടു. 60 തൈകള്‍ നട്ടുകൊണ്ട് വാഴക്കൃഷി തുടങ്ങി. സ്‌കൂള്‍ പരിസരത്ത് പരിസ്ഥിതി പാര്‍ക്ക് നിര്‍മ്മിച്ചു. ആറാം വാര്‍ഡിലെ അമ്മൂമ്മക്കുളത്തിന്റെ പരിസരത്തെ കാവിലെ ചിത്രശലഭങ്ങളെ നിരീക്ഷിച്ച് പ്രോജക്ട് തയ്യാറാക്കി. സ്‌കൂളിലെ സഞ്ജീവനി തോട്ടത്തിലെ 101 ഔഷധസസ്യങ്ങളുടെ പേരും ശാസ്ത്രനാമവും ശേഖരിച്ചു. ഇവയുടെ ഉപയോഗം വിവരിക്കുന്ന കൈപ്പുസ്തകം അച്ചടിച്ച് വിതരണം ചെയ്തു- ഇങ്ങനെപോയി സ്‌കൂളിലെ സീഡ് പ്രവര്‍ത്തനങ്ങള്‍.
കുട്ടികളില്‍ പൊതുവെ കൃഷിയോട് വലിയ അഭിനിവേശവും ആഭിമുഖ്യവും വളര്‍ന്നു എന്നതാണ് സ്‌കൂളിലെ സീഡ് പ്രവര്‍ത്തനങ്ങള്‍കൊണ്ടുണ്ടായ പ്രയോജനമെന്ന് കുട്ടികളെ നിരീക്ഷിച്ച പ്രഥമാധ്യാപിക നൂറുന്നിസാബീഗവും കോ-ഓര്‍ഡിനേറ്റര്‍ ഷാഹിദാബീവിയും വിലയിരുത്തുന്നു. ക്ലാസ് കഴിഞ്ഞാലുടന്‍ മുറികളിലെ ലൈറ്റും ഫാനും അണയ്ക്കാനും ക്ലാസ് മുറി വൃത്തിയായി സൂക്ഷിക്കാനും കുട്ടികള്‍ കാട്ടുന്ന മത്സരബുദ്ധിയും ഈ പ്രവര്‍ത്തനങ്ങളുടെ ഫലംതന്നെ- ഇവര്‍ ചൂണ്ടിക്കാട്ടി.  

Print this news