അടൂര്‍: അതിക്രമങ്ങളുടെ ലോകത്ത് ജീവനുവേണ്ടി കേഴുന്ന ഭൂമിക്കായും മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലില്‍ നശിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിക്കായും കൈകോര്‍ത്തു നില്‍ക്കാമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് അവശേഷിക്കുന്ന പച്ചപ്പിനെ സംരക്ഷിക്കുന്നതിനായി പറക്കോട് പി.ജി.എം.(അമൃത) ബോയ്‌സ് സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും ജനമൈത്രി പോലീസും റസിഡന്റ്‌സ് അസോസിയേഷനുകളും കുടുംബശ്രീ യൂണിറ്റുകളും ഒന്നിച്ചു. സീഡ് പദ്ധതിയിലൂടെ ഒരു പുതിയ സന്ദേശം നാടിന് പകര്‍ന്നുനല്കിയ പറക്കോട് പി.ജി.എം. (അമൃത)ബോയ്‌സ് സ്‌കൂളില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ.പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിനായുള്ള ഈ കൂട്ടായ്മ ഒരു പുതിയ തുടക്കമാണെന്നും ഇതിലൂടെ ഒട്ടേറെ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്നും
ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. പറഞ്ഞു. സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ് അഡ്വ. ശാസ്തമഠം ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി സന്ദേശറാലി നഗരസഭ ചെയര്‍മാന്‍ ഉമ്മന്‍ തോമസ് ഫ്ലഗ് ഓഫ് ചെയ്തു. ഒരു മരം ഒരു തണല്‍ പദ്ധതി ജനമൈത്രി സമിതി ചെയര്‍മാന്‍ തോമസ് ജോണ്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സന്ദേശവും ബൈപ്പാസില്‍ തണല്‍വൃക്ഷങ്ങളുടെ നടീലും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.നന്ദകുമാര്‍ നിര്‍വഹിച്ചു. പറക്കോട് പി.ജി.എം.(അമൃത)ബോയ്‌സ് സ്‌കൂളിലെ സീഡ് ക്ലബ്ബ് വനംവകുപ്പ് സോഷ്യല്‍ ഫോറസ്ട്രിയുമായി ചേര്‍ന്ന് തണല്‍മരത്തൈകള്‍ റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്ക് നല്കി. അനൂപ് ചന്ദ്രശേഖര്‍, സുധാ പദ്മകുമാര്‍, കെ.കെ.ശശികല, ജനമൈത്രി പോലീസ് സി.ആര്‍.ഒ. ജി.ജയചന്ദ്രന്‍, ഹെഡ്മാസ്റ്റര്‍ ആര്‍.മധുസൂദനന്‍ നായര്‍, മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.മനോജ് എന്നിവര്‍ പ്രസംഗിച്ചു. അടൂര്‍ എസ്.ഐ. കെ.എസ്.ഗോപകുമാര്‍ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസര്‍ ആര്‍.അനില്‍ നന്ദിയും പറഞ്ഞു.