പത്തനംതിട്ട: കുന്നുകളുടെനാടായ കുന്നന്താനത്തെ മണ്ണെടുപ്പ് അവരുടെ നാടിനെ ഇല്ലാതാക്കുമെന്ന് ഈ കുട്ടികള്‍ ആശങ്കപ്പെടുന്നു. നാടിന്റെ മണ്ണിനെ വിട്ടുകൊടുക്കില്ലെന്ന് അവര്‍ സത്യവാചകം ചൊല്ലി. പിന്നെ കുന്നുകള്‍ക്കുവേണ്ടി ആരാണ് സംസാരിക്കുക എന്ന മാതൃഭൂമി മുഖപ്രസംഗവുമായി ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിനെ കാണാനെത്തി. കുന്നന്താനം പാലയ്ക്കാതകിടി സെന്റ് മേരീസ് ഗവ. ഹൈസ്‌കൂള്‍ സീഡ് സംഘമാണ് നാടിന്റെ നാവായത്.
രാവിലെ അസംബ്ലിയില്‍നടന്ന ചടങ്ങ് പുതുമയുള്ളതായിരുന്നു. ഐക്യരാഷ്ട്ര സഭയുെട ആഹ്വാനപ്രകാരം മണ്ണിനെ രക്ഷിക്കാനുള്ള മനസ്സുറപ്പുമായി കുട്ടികള്‍ മുറ്റത്തുനിന്ന് മണ്ണ് വാരിയെടുത്തു. അത് ഇടംകൈയില്‍ ചുരുട്ടി വലംകൈ ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലി.
കുന്നന്താനത്തെ കുഴികളുടെ നാടാക്കി മാറ്റരുതെന്ന ഓര്‍മ്മപ്പെടുത്തലുമായി കുട്ടികള്‍ പിന്നെ കളക്ടറേറ്റിലേക്ക് പുറപ്പെട്ടു. ഉമിക്കുന്ന് പോലെയുള്ള കുന്നുകള്‍ മഹാഭാരതകഥയുമായി ഐതിഹ്യബന്ധം ഉള്ളതാണ്.
എന്നാല്‍, പരിസ്ഥിതിവകുപ്പ് നല്‍കിയ വിലക്ക് ലംഘിച്ചാണ് ഇപ്പോഴത്തെ മണ്ണെടുപ്പും കുന്നിടിക്കലും. മാതൃഭൂമി മുഖപ്രസംഗത്തില്‍ കുന്നുകള്‍ക്കുവേണ്ടി സംസാരിച്ചത് കുട്ടികള്‍ ഓര്‍മ്മപ്പെടുത്തി.
പരിപാടികള്‍ക്ക് സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ എ.ആര്‍. ശ്രേയമോള്‍, പ്രഥമാധ്യാപികയുടെ ചുമതലയുള്ള പി.ജി. ശ്യാമളാകുമാരി, ജിഷമോള്‍ ചെറിയാന്‍,മിനി സതീഷ്, പി.എസ്. ഗീതാദേവി, ടി. ഉമയമ്മ, പി.ടി.എ. പ്രസിഡന്റ് എസ്.വി. സുബിന്‍, ഇ.എന്‍. രവി, വി. ജ്യോതിഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.