മേടച്ചൂടിനെ കൂസാതെ ഇവര്‍ പാടത്ത്

Posted By : knradmin On 14th May 2015


 

 
കൂത്തുപറമ്പ്: മധ്യവേനലവധിയില്‍ മേടച്ചൂടിനെ വകവയ്ക്കാതെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബംഗങ്ങള്‍ വിത്ത് വിതയ്ക്കാനായി പാടത്തിറങ്ങി. 
കിഴങ്ങുവര്‍ഗ വിളകളുടെയും വാഴ, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുടെയും നടീല്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സീഡംഗങ്ങള്‍ സ്‌കൂള്‍വയലിലും പറമ്പിലുമായി വിവിധ തരം നെല്‍വിത്തുകള്‍ നട്ടത്. 
പാലക്കാട്ടുനിന്നും വയനാട്ടില്‍നിന്നുമായി വാങ്ങിയ വിത്തുകളാണ് ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്തത്. കൂടാതെ കൃഷിഭവന്‍ സൗജന്യമായി നല്‍കിയ ആതിര നെല്‍വിത്തും കൃഷിക്ക് ഉപയോഗിച്ചു. നവര, കയമ, ചിറ്റേനി, ചോമാല, മട്ടയമ്പാവ്, രാജകയമ, കുറുവ, ജീരകശാല, ഗന്ധകശാല, തൊണ്ണൂറാന്‍, ജീരകചമ്പാവ്, കുട്ടുമ്പന്‍, എ.എസ്.ഡി., എച്ചിലാടന്‍, ബസുമതി തുടങ്ങിയ 30 തരം വിത്തുകള്‍ ഈവര്‍ഷം സ്‌കൂളില്‍ കൃഷിചെയ്യാനാണ് സീഡ് ക്ലബ് ലക്ഷ്യമിടുന്നത്. 
വയലിലും പറമ്പിലുമായി 16ഓളം വ്യത്യസ്ത വിത്തുകള്‍ കുട്ടികള്‍ നട്ടു. ബാക്കിയുള്ളവ സ്‌കൂള്‍ മുറ്റത്ത് ചാക്കുകളിലും മറ്റും കൃഷിചെയ്യാനുള്ള തയ്യാറെടുപ്പുകളും തുടങ്ങി. വിവിധ തരം നെല്‍വിത്തുകളെയും അവയുടെ വളര്‍ച്ചാഘട്ടങ്ങളെയും കുട്ടികള്‍ക്ക് അടുത്തറിയാന്‍ ലക്ഷ്യമിട്ടാണ് ഈ വൈവിധ്യവത്കരണം നടപ്പാക്കുന്നത്. 
നെല്ലിനുപുറമെ ചാമ, മുത്താറി, പരക്, തിന തുടങ്ങിയവയും കൃഷി ചെയ്യും. 
വിത്തുനടീല്‍ ഉദ്ഘാടനം കൂത്തുപറമ്പ് കൃഷി അസി. ഡയറക്ടര്‍ എ.കെ.വിജയന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ആര്‍.കെ.രാഘവന്‍ അധ്യക്ഷനായിരുന്നു. സീഡ് ക്ലബ് കണ്‍വീനര്‍ കുന്നുമ്പ്രോന്‍ രാജന്‍, കുമ്പ്രോന്‍ സുരേന്ദ്രന്‍, കെ.കെ.മുകുന്ദന്‍, വി.വേലായുധന്‍, ഒ.രമേശന്‍, എം.ഉദയഭാനു, കെ.പി.സത്യരാജ്, രഞ്ജു ജി. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളായ ലക്ഷ്മിപ്രിയ, അനഘ, സഞ്ജയ്, സ്വീറ്റി സുന്ദര്‍, ശിശിര, അതുല്യ, അശ്വതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
 

Print this news