പേരാവൂര്‍: മുഴക്കുന്ന് പഞ്ചായത്തില്‍ ഏറ്റവും മികച്ച കൃഷി നടത്തിയ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മാതൃഭൂമി സീഡ് ഏര്‍പ്പെടുത്തിയ 'അമ്മയ്‌ക്കൊരു സമ്മാനം' പദ്ധതിയിലെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് ഹാളില്‍ നടന്ന പുരസ്‌കാരവിതരണം പി.കെ.ശ്രീമതി എം.പി. ഉദ്ഘാടനം ചെയ്തു. ഒമ്പതാം വാര്‍ഡിലെ ദീപം കുടുംബശ്രീ ഒന്നാംസമ്മാനത്തിന് അര്‍ഹരായി.
13ാം വാര്‍ഡിലെ ഐശ്വര്യ കുടുംബശ്രീ, 10ാം വാര്‍ഡിലെ നവധാര കുടുംബശ്രീ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഒന്നാംസ്ഥാനം നേടിയ കുടുംബശ്രീ യൂണിറ്റിന് 5000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 3000 രൂപയും മൂന്നാം സ്ഥാനം നേടിയ യൂണിറ്റിന് 2000 രൂപയും മാതൃഭൂമി നല്കി. മികച്ച കര്‍ഷകനുള്ള ദിശ ഹരിതനിധി അവാര്‍ഡ് എഴുത്തുപള്ളി ജോര്‍ജ് നേടി. മികച്ച കൃഷി നടത്തിയ വാര്‍ഡിനുള്ള ഹരിതഗ്രാമം അവര്‍ഡ് ഒമ്പതാം വാര്‍ഡിന് ലഭിച്ചു.
ജേതാക്കള്‍ക്കുള്ള അവര്‍ഡുകള്‍ പി.കെ.ശ്രീമതി എം.പി.വിതരണം ചെയ്തു. ഹരിതഗ്രാമം സംഘാടകസമിതി ചെയര്‍മാന്‍ ഡോ. വി.ശിവദാസന്‍ അധ്യക്ഷത വഹിച്ചു.
മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന അവാര്‍ഡ് പ്രഖ്യാപനം നടത്തി. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസ്, ദേശാഭിമാനി യൂണിറ്റ് മാനേജര്‍ എം.സുരേന്ദ്രന്‍, മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.നാരായണന്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ.വത്സല, പഞ്ചായത്തംഗങ്ങളായ സി.കെ.ചന്ദ്രന്‍, ഒ.ഹംസ, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ്, മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫറും സീഡ് ജില്ലാ കോ ഓര്‍ഡിനേറ്ററുമായ സി.സുനില്‍കുമാര്‍, ദിശ സാംസ്‌കാരികവേദി സെക്രട്ടറി എം.ബിജു എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് ബാബു ജോസഫ് സ്വാഗതവും ട്രഷറര്‍ എ.ഷിബു നന്ദിയും പറഞ്ഞു.