അലനല്ലൂര്‍: മികച്ച വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃഭൂമിയുടെ സീഡ് ജില്ലാതല ശ്രേഷ്ഠ ഹരിത വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട എടത്തനാട്ടുകര നാലുകണ്ടം പി.കെ.എച്ച്.എം.ഒ.യു.പി. സ്‌കൂളിനെ അലനല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
മികച്ച വിദ്യാര്‍ഥി, കോ-ഓര്‍ഡിനേറ്റര്‍ പുരസ്‌കാരങ്ങളും ഈ സ്‌കൂളിന് ലഭിച്ചിരുന്നു. ഈ വര്‍ഷം ജില്ലയില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച കാര്‍ഷിക വിദ്യാലയമായും തിരഞ്ഞെടുത്തിരുന്നു. ഈ വര്‍ഷംമാത്രം ഏഴ് അവാര്‍ഡുകളാണ് ഈ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചത്.
അലനല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് നടത്തിയ ചടങ്ങില്‍ മന്ത്രി ഡോ. എം.കെ. മുനീര്‍ ഉപഹാരംനല്‍കി സ്‌കൂള്‍ സീഡ് പ്രവര്‍ത്തകരെ ആദരിച്ചു. മികച്ച വിദ്യാര്‍ഥി കര്‍ഷകന്‍ എ.പി. അന്‍സാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി. റസാഖ്, പ്രധാനാധ്യാപകന്‍ കെ.കെ. അബൂബക്കര്‍, പി.ടി.എ. പ്രസിഡന്റ് ടി.കെ. അബ്ദുല്‍ സലാം എന്നിവര്‍ ചേര്‍ന്ന് മന്ത്രിയില്‍നിന്ന് ഉപഹാരം ഏറ്റുവാങ്ങി. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു.
സീഡ് ക്ലബ്ബ് അംഗങ്ങള്‍ക്ക് പി.ടി.എ.യും നാലുകണ്ടം വൈമാക്‌സ് ക്ലബ്ബും ചേര്‍ന്ന് സ്വീകരണവും റോഡ്‌ഷോയും സംഘടിപ്പിച്ചു. പരിപാടിക്ക് കണ്ണംകുണ്ട്, പാലക്കാഴി, യത്തീംഖാന, ചളവ, ഉപ്പുകുളം, കോട്ടപ്പള്ള, മുണ്ടക്കുന്ന്, കാപ്പുപറമ്പ് പ്രദേശങ്ങളിലെ വിവിധ ക്ലബ്ബുകള്‍ സ്വീകരണം നല്‍കി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.ഉമ്മര്‍, വാര്‍ഡംഗം വി.നളിനി, പി.ടി.എ. പ്രസിഡന്റ് ടി.കെ. അബ്ദുള്‍ സലാം, സി.സക്കീര്‍, കെ.ജയകൃഷ്ണന്‍, പി.പി.വഹാബ്, പി.പി.അബ്ദുള്‍ ബഷീര്‍, പി.ഷാനിര്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.