കണ്ണൂര്‍: സഹജീവികള്‍ക്ക് പഴത്തോപ്പൊരുക്കിയും സഹപാഠികള്‍ക്ക് വീടുവെച്ചുനല്കിയും ഏറ്റുകുടുക്ക എ.യു.പി. സ്‌കൂള്‍ സീഡ് അംഗങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതല അംഗീകാരം. മാതൃഭൂമി ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ സംസ്ഥാനതലത്തില്‍ നടപ്പാക്കിയ സീഡ് 201415 പദ്ധതിയില്‍ വിശിഷ്ട ഹരിത വിദ്യാലയത്തിനുള്ള മൂന്നാംസ്ഥാനവും മികച്ച സീഡ് റിപ്പോര്‍ട്ടിനുള്ള ഒന്നാംസ്ഥാനവുമാണ് സ്‌കൂളിനെത്തേടിയെത്തിയത്. പുരസ്‌കാര വാര്‍ത്തയറിഞ്ഞതോടെ പച്ചമാങ്ങപങ്കുവെച്ച് അധ്യാപകരും വിദ്യാര്‍ഥികളും സന്തോഷംപങ്കിട്ടു.
പ്രദേശവാസികളെ കുരങ്ങുശല്യത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഈ കുരുന്നുകള്‍ കണ്ടെത്തിയ പരിസ്ഥിതിസൗഹൃദ പരിഹാരം ഏറെ പ്രശംസ പിടിച്ചുപറ്റി. കുരുങ്ങുകള്‍ നാട്ടിലെത്തിയുണ്ടാക്കുന്ന ഉപദ്രവം തടയാന്‍ അവയ്ക്ക് ഭക്ഷണത്തിനായി പഴത്തോട്ടമൊരുക്കുകയായിരുന്നു. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് വീട് വെച്ചുകൊടുക്കുന്നതുള്‍െപ്പടെയുള്ള പരിസ്ഥിതിസാമൂഹിക പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ശബരിമല വഴിയോരത്തെ മരങ്ങളിലെ ആണി നീക്കംചെയ്യാനുള്ള നടപടിയെടുത്തത് ഏറ്റുകുടുക്ക എ.യു.പി. സ്‌കൂള്‍ സീഡ് റിപ്പോര്‍ട്ടര്‍ നല്കിയ നിവേദനത്തെത്തുടര്‍ന്നായിരുന്നു. 'നഞ്ചില്ലാത്ത ഊണ് എന്റെവക' പദ്ധതിക്കായി ഒരു ക്വിന്റല്‍ പച്ചക്കറി സംഭാവനചെയ്തു. 50 സെന്റ് തരിശ് നിലത്തില്‍ പുഞ്ചക്കൃഷിയും 45 സെന്റ് സ്ഥലത്ത് വിഷവിമുക്ത പച്ചക്കറിക്കൃഷിയും സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തി.
2013ലെ ജില്ലാതല ശ്രേഷ്ഠ ഹരിതവിദ്യാലയത്തിനുള്ള സമ്മാനത്തുകയായ 25,000 രൂപയും സ്‌കൂളിന് ലഭിച്ചിരുന്നു. ഇതില്‍ 24,000 രൂപ ഉപയോഗിച്ച് ലിജിന്‍രാജ്, ലിജിന രാജന്‍ എന്നിവരുടെ കുടുംബത്തിന് ജീവിതോപാധിയായി 10 ലിറ്റര്‍ പാല്‍ചുരത്തുന്ന കറവപ്പശുവിനെ വാങ്ങിനല്കിയും ബാക്കിത്തുക കുട്ടികള്‍ക്ക് വീടുവെച്ചുനല്കാനായുള്ള നിര്‍മാണഫണ്ടിലേക്ക് വരവ്വെയ്ക്കുകയും ചെയ്ത് സ്‌കൂള്‍ മാതൃകകാട്ടിയിരുന്നു.
പുരസ്‌കാരം ലഭിച്ചതിന്റെ ആഘോഷപരിപാടികള്‍ക്ക് പ്രഥമാധ്യാപിക പി.ശ്രീലത, മാനേജര്‍ തമ്പാന്‍, പി.ടി.എ. പ്രസിഡന്റ് എം.വി.സുനില്‍കുമാര്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍, അധ്യാപിക സ്വപ്ന എന്നിവര്‍ നേതൃത്വംനല്കി.