ഇവർ സ്കൂളിനൊപ്പം വരച്ചുചേർത്തു, ‘പച്ച, നീല, വെള്ള...’ വിശിഷ്ട ഹരിതവിദ്യാലയ പുരസ്കാരനിറവിൽ ഭീമനാട് ഗവ. യു.പി. സ്കൂള്

Posted By : pkdadmin On 28th March 2015


പാലക്കാട്: വെയിലിന്റെ വമ്പുള്ള കൊമ്പ് ഒടിച്ചുകളഞ്ഞ്, മാവും പ്ലാവും വേപ്പും തണൽ പരവതാനി വിരിച്ച സ്കൂൾമുറ്റം. പരീക്ഷയുടെ ഗൗരവം വിട്ട് കുട്ടികൾ പതുക്കെ ക്ലാസിന് പുറത്തിറങ്ങി. അപ്പോഴേക്കും ടീച്ചർമാർ മധുരവുമായി എത്തി. കൈയിൽ കിട്ടിയ ലഡുവും ജിലേബിയും നേരേ കാമറയിലേക്ക് നീട്ടി അവർ ഒരുമിച്ച് ആർത്തുവിളിച്ചു -‘‘ഹീയ്യാ...ഹൂവ്വാ...ഭീമനാട്’’ 

മാതൃഭൂമി ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2014-15 വർഷത്തെ വിശിഷ്ട ഹരിതവിദ്യാലയ പുരസ്കാരകിരീടം അണിഞ്ഞതിന്റെ ആഘോഷം ഈ ആർപ്പുവിളികളോടെയാണ് ഭീമനാട് ഗവ. യു.പി. സ്കൂള് തുടങ്ങിയത്.
 സീഡ് പദ്ധതിയുടെ തുടക്കംമുതൽ അംഗീകാരത്തിന്റെ പടവുകൾ പടിപടിയായി കയറി ഇപ്പോൾ അഭിമാനത്തിന്റെ തലപ്പൊക്കത്തിൽ നിൽക്കുമ്പോൾ വർഷങ്ങളായുള്ള അധ്വാനത്തിെന്റ ഫലം കിട്ടിയെന്ന് പ്രധാനാധ്യാപകൻ പി. രാധാകൃഷ്ണനും സീഡ് കോ-ഓർഡിനേറ്റർ കെ.സി. മിനിയും പറയുന്നു. സന്തോഷം നിറഞ്ഞ മുഖവുമായി സീഡിന്റെ ‘കുട്ടിനേതാക്കളായ’ എം. അജേഷ് ചന്ദ്രനും ആർ. കൃപയും നവീനും കേട്ടുനിന്നു. 
പൂർവവിദ്യാർഥിയായ ബാംഗ്ലൂരിലെ എം. മുരളി, സ്കൂളിലെ 1080 കുട്ടികൾക്കും, വാർത്തയറിഞ്ഞ് എത്തിച്ച മധുരമാണ് ആദ്യം കിട്ടിയ സമ്മാനം. വിശിഷ്ട ഹരിതവിദ്യാലയത്തിന് ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും നേടാൻ കൃഷി, ജൈവവൈവിധ്യം, ജീവജലം എന്നിവയുടെ സംരക്ഷണത്തിലും ശുചിത്വപരിപാലനത്തിലും ഇവർ മികവുപുലർത്തി. ‘നമുക്ക് സംരക്ഷിക്കാം പച്ച, നീല, വെള്ള’ എന്ന സീഡിന്റെ ലക്ഷ്യം പ്രാവർത്തികമാക്കിയതാണ് ഇവരുടെ വിജയവും.
സൈലന്റ് വാലിയിൽനിന്ന് ഉത്ഭവിക്കുന്ന കുന്തിപ്പുഴയുടെ സംരക്ഷണത്തിനായി പരിമിതികൾ മറന്ന് ഇറങ്ങിയും ഔഷധച്ചെടികളും നാട്ടുഫലവൃക്ഷങ്ങളും പച്ചക്കറിവിത്തുകളും നാട്ടിലെങ്ങുമെത്തിച്ചും ഭീമനാട് ജി.യു.പി.എസ്സിലെ സീഡ് പ്രവർത്തകർ പ്രകൃതിസ്നേഹം പകർന്നു. 
 ജീവിതശൈലീരോഗങ്ങൾക്കും പ്ലാസ്റ്റിക് വിപത്തിനുമെതിരെ  നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയമായി. 605 കിലോഗ്രാം പച്ചക്കറിയാണ് ഇവർ വിളയിച്ചെടുത്തത്. സ്കൂൾ ഉച്ചഭക്ഷണത്തിന് വിഷവിമുക്തപച്ചക്കറികൾ ഉപയോഗിച്ചു. 35 സെന്റിലെ നെൽക്കൃഷി, പൂമ്പാറ്റനിരീക്ഷണം, നാട്ടുകാവ് സംരക്ഷണം, ശലഭോദ്യാനം...പച്ചപ്പിന്റെ വഴികളില്ലെല്ലാം ഇവരെത്തി. ഭീമനാട് സ്കൂളിലിപ്പോൾ മണ്ണും മരവും കാത്ത കുഞ്ഞുങ്ങളുടെ അഭിമാനം നിറഞ്ഞ മുഖങ്ങൾ മാത്രം.
 

Print this news