ഭീമനാട് ജി.യു.പി.എസ്. വിശിഷ്ടഹരിത വിദ്യാലയം

Posted By : pkdadmin On 28th March 2015


 കോഴിക്കോട്:  പ്രകൃതിസംരക്ഷണരംഗത്ത്  വലിയ മുന്നേറ്റത്തിന് തുടക്കം കുറിച്ച് മാതൃഭൂമി ഫെഡറല്‍ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2014-15 വര്‍ഷത്തെ വിശിഷ്ടഹരിതവിദ്യാലയ പുരസ്‌ക്കാരം പാലക്കാട് ജില്ലയിലെ ഭീമനാട് ഗവണ്‍മെന്റ് യു.പി. സ്‌കൂളിന്. തിരുവനന്തപുരം ജില്ലയിലെ ഇടവിളാകം ജി.യു.പി.എസ്സ് രണ്ടാം സ്ഥാനവും കണ്ണൂര്‍ ജില്ലയിലെ ഏറ്റുകുടുക്ക ജി.യു.പി.എസ്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിശിഷ്ടഹരിതവിദ്യാലയത്തിന് ഒരു ലക്ഷം രൂപയും രണ്ടും മൂന്നുംസ്ഥാങ്ങള്‍ക്ക് യഥാക്രമം മുക്കാല്‍ ലക്ഷം, അര ലക്ഷം രൂപ വീതവും സമ്മാനം നല്‍കും. ഒപ്പം സര്‍ട്ടിഫിക്കറ്റും ട്രോഫിയും. സഹജീവികളോടൊപ്പം ജീവിക്കാനായി ഭൂമിയെ ഹരിതാഭമാക്കി നിലനിര്‍ത്തണമെന്ന ബോധം സമൂഹത്തിന് പകര്‍ന്നുനല്‍കുന്ന വിദ്യാലയങ്ങള്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒട്ടാകെ 21 ലക്ഷം രൂപയുടെ 474 സമ്മാനങ്ങള്‍ ഈ വര്‍ഷം നല്‍കും.  
പാലക്കാട് ജില്ലയിലെ കുന്തിപ്പുഴയുടെ സംരക്ഷണത്തിനായി പരിമിതികള്‍മറന്ന് ഇറങ്ങി, ഭീമനാട് ജി.യു.പി.എസ്സിലെ സീഡ് പ്രവര്‍ത്തകര്‍. ഔഷധച്ചെടികളും നാട്ടുഫല വൃക്ഷങ്ങളും നാട്ടിലെങ്ങും എത്തിച്ചു ഇവര്‍. ജീവിതശൈലീരോഗങ്ങക്കും പ്ലാസ്റ്റിക് വിപത്തിനുമെതിരെ  നടത്തിയ പ്രവര്‍ത്തനങ്ങളും മികവിലേക്കുള്ള ചവിട്ടുപടികളായി. സീഡ് പദ്ധതിയില്‍ ശ്രദ്ധേയമായ തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ ഇടവിളാകം സ്‌കൂള്‍ രണ്ടാംസ്ഥാനവും  പ്രായോഗിക ജൈവകൃഷിയുടെയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും ആരോഗ്യ പ്രവര്‍ത്തനങ്ങളുടെയും മികവില്‍ ഏറ്റുകുടുക്ക  സ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി.
ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സ്‌കൂളുകള്‍ക്ക് 25,000 രൂപയുടെ ശ്രേഷ്ഠഹരിതവിദ്യാലയ പുരസ്‌ക്കാരവുമുണ്ട്. ഈ വര്‍ഷം സീഡ് നടപ്പിലാക്കിയ പച്ച, വെള്ള, നീല എന്നീ വിഭാഗങ്ങളില്‍ അതാതിനങ്ങളില്‍ സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനത്തിന് 20,000 രൂപയുടെ ക്യാഷ് അവാര്‍ഡുമുണ്ട്.  സീഡ് റിപ്പോര്‍ട്ടര്‍, സീഡ് പോലീസ്, ലവ് പ്ലാസ്റ്റിക് എന്നീ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനതലത്തില്‍ ഒന്നാമതെത്തിയ സ്‌കൂളുകള്‍ക്ക് 10000 രൂപ സമ്മാനമായി നല്‍കും. 
കേരളത്തിലെ ഏറ്റവും ബൃഹത്തായ പരിസ്ഥിതിപ്രസ്ഥാനമായ സീഡില്‍ യു.പി. മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെ 5716 സ്‌കൂളുകളാണ് ഈ വര്‍ഷം സജീവമായി പ്രവര്‍ത്തിച്ചത്.  
 
 
അന്താരാഷ്ട്ര കുടുംബകൃഷി 
വര്‍ഷത്തില്‍ സീഡ് 
പ്രവര്‍ത്തകര്‍ വിളയിച്ചവ
 
 നെല്ല് - 66,953 കിലോ
 പച്ചക്കറി - 1,53,830 കിലോ
 ഫലവര്‍ഗങ്ങള്‍ - 61,450 കിലോ
 
 

Print this news