കാടറിഞ്ഞ് സീഡ് വിദ്യാര്‍ത്ഥികള്‍

Posted By : tcradmin On 27th March 2015


ഇരിങ്ങാലക്കുട: വിദ്യാലയവും പരിസരവും ഹരിതാഭമാക്കുന്നതില്‍ മികവ് നേടിയ സീഡ് ഹരിതസേനയിലെ അംഗങ്ങള്‍ കാട് സന്ദര്‍ശിച്ചു. എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരായ 30 അംഗങ്ങളാണ് അതിരപ്പിള്ളി, വാഴച്ചാല്‍ വനമേഖല സന്ദര്‍ശിച്ചത്.
സോഷ്യല്‍ ഫോറസ്ട്രി ചാലക്കുടി റേഞ്ചിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ക്കായി പ്രകൃതിപഠനക്യാമ്പ് സംഘടിപ്പിച്ചത്. പക്ഷി നിരീക്ഷണം, ട്രക്കിങ്, ഔഷധ സസ്യങ്ങളെ തിരിച്ചറിയല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും സീഡ് കോ-ഓര്‍ഡിനേറ്ററുമായ ശ്രീദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചാലക്കുടി സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ ഇ.എസ്. സദാനന്ദന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.എ. റോയി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ടി.ജെ. ബിനി, അധ്യാപകരായ ആര്‍ച്ച, കീര്‍ത്തി എന്നിവര്‍ ക്യാമ്പ് നയിച്ചു.

Print this news