വടകര: മണലാരണ്യത്തിലെ വറ്റാത്ത സ്‌നേഹത്തിന്റെ ഉറവ തിരുവള്ളൂര്‍ ഇല്ലിമുക്കിലേക്കും ഒഴുകി. ഈ സ്‌നേഹത്തില്‍ ഇല്ലിമുക്കിലെ 34 കുടുംബങ്ങള്‍ക്ക് ഇഷ്ടംപോലെ കുടിനീരായി. കുടിനീര്‍ പദ്ധതിക്കായി 13 ലക്ഷം രൂപ നല്‍കിയ ശൈഖ് അബ്ദുള്‍ റസാഖ് മുഹിയുദ്ദീന്‍ അബ്ദുള്ള തന്നെ പദ്ധതി നാടിന് സമര്‍പ്പിക്കാന്‍ ദുബായ് ജുമൈറയില്‍ നിന്ന് തിരുവള്ളൂരിലെത്തി. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശൈഖ് അബ്ദുള്‍ റസാഖും ഭാര്യ മുനീറയും പദ്ധതി നാടിന് സമര്‍പ്പിച്ചപ്പോള്‍ 34 കുടുംബങ്ങളുടെ മാത്രമല്ല, മുടപ്പിലാവില്‍ സീന്‍ പബ്ലിക്ക് സ്‌കൂളിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും മനം നിറഞ്ഞു. സീന്‍ പബ്ലിക്ക് സ്‌കൂളിലെ സീഡ് റിപ്പോര്‍ട്ടര്‍ മറിയ ഫെര്‍സിനയുടെയും സീഡ് പോലീസ് അംഗങ്ങളുടെയും ആശയമാണ് ശൈഖ് അബ്ദുള്‍ റസാഖിനെ തിരുവള്ളൂരിലെത്തിച്ചത്.
സീഡ് പദ്ധതിയുടെ ജലസംരക്ഷണപ്രവര്‍ത്തനത്തിന്റെ ഭാഗമായി നൂതന ജലസേചനമാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെര്‍സിനയും സംഘവും ഇല്ലിമുക്കിലെ ജലക്ഷാമം പരിഗണിച്ചത്. ഫെര്‍സിന ഈ വിഷയം ഉമ്മാമ്മ കുഞ്ഞാമിയുടെ ശ്രദ്ധയില്‍ പ്പെടുത്തി. കുഞ്ഞാമി മകളുടെ ഭര്‍ത്താവ് ദുബായിയിലുള്ള മജീദിനെയും ഇക്കാര്യം ധരിപ്പിച്ചു. ഇതോടെ ഒരു നാടിന് കുടിവെള്ളം ലഭിക്കാനുള്ള വഴി തെളിഞ്ഞു. മേമുണ്ട സ്വദേശിയായ കല്ലുള്ളതില്‍ മജീദ് ഇല്ലിമുക്കിലെ ജലക്ഷാമത്തെക്കുറിച്ചും സീഡ് പദ്ധതിയെക്കുറിച്ചും തന്റെ സ്‌പോണ്‍സറായ ശൈഖ് അബ്ദുള്‍ റസാഖിനെ ധരിപ്പിച്ചു. ഈ പദ്ധതിയില്‍ ആകൃഷ്ടനായ ശൈഖ് 13 ലക്ഷം രൂപ കുടിവെള്ളം ലഭ്യമാക്കാന്‍ നല്‍കി. ഇതോടെ കാര്യങ്ങള്‍ വേഗത്തിലായി. കിണറിനുള്ള സ്ഥലം പാലാട്ട് കണ്ടി മുഹമ്മദലി സൗജന്യമായി നല്‍കി. പുളിയുള്ളമലയില്‍ ടാങ്ക് സ്ഥാപിച്ചു. കെ.എസ്.ഇ.ബി. പെട്ടെന്നുതന്നെ കണക്ഷനും കൊടുത്തു. നാട്ടുകാരും പരിപൂര്‍ണസഹായവുമായി രംഗത്തെത്തി. ജാതിമതഭേദമന്യെയാണ് 34 കുടുംബങ്ങള്‍ക്ക് പദ്ധതി വഴി കുടിവെള്ളം ലഭിച്ചത്.
പദ്ധതി പൂര്‍ത്തിയായതോടെ ശൈഖ് തന്നെ ഉദ്ഘാടനത്തിന് വരാമെന്നേറ്റു. കക്ഷിരാഷ്ട്രീയത്തിനതീതമായിരുന്നു ഉദ്ഘാടനച്ചടങ്ങ്.
കുടിവെള്ളപദ്ധതി സമര്‍പ്പണച്ചടങ്ങില്‍ ലത്തീഫ് ഫൈസി അധ്യക്ഷത വഹിച്ചു. പത്മാലയം കുഞ്ഞികൃഷ്ണക്കുറുപ്പ്, അബ്ദുള്‍ റഷീദ് മുസ്ല്യാര്‍, മാതൃഭൂമി പ്രതിനിധി കെ.കെ. ദിലീപ് കുമാര്‍, സൂപ്പി പേരാമ്പ്ര, സീന്‍ പബ്ലിക്ക് സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ലീന രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. അബ്ദുള്‍ ഹക്കീം സഖാഫി സ്വാഗതവും കല്ലുള്ളതില്‍ മജീദ് നന്ദിയും പറഞ്ഞു.