'സീഡ് ചരിതം' ഓട്ടന്‍തുള്ളലുമായി പേരൂര്‍ സ്‌കൂളിലെ സീഡ് ക്ലബ്ബ്‌

Posted By : pkdadmin On 21st March 2015


 ലക്കിടി: പേരൂര്‍ സ്‌കൂളിലെ സീഡ് ക്ലബ്ബ് അവതരിപ്പിച്ച 'സീഡ് ചരിതം' ഓട്ടന്‍തുള്ളല്‍ വേറിട്ട അനുഭവമായി. തുള്ളലിലൂടെ പുരാണ കഥാപാത്രങ്ങളെ കണ്ടുംകേട്ടും ശീലിച്ച ആസ്വാദകര്‍ക്കുമുന്നില്‍ കാര്‍ഷികാഭിരുചിയും സാമൂഹ്യബോധവും പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞാണ് കൊച്ചുകുട്ടികള്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചത്.
മലയാളി മറന്നുപോകുന്ന കാര്‍ഷികസംസ്‌കാരവും മലയാളിയുടെ മടിയും മറുനാട്ടില്‍നിന്നെത്തുന്ന വിഭവങ്ങള്‍ക്കായുള്ള കാത്തിരിപ്പും നമ്മുടെ അന്യംനിന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന കൃഷിയും മലയാളി ഇനിയും വളര്‍ത്തിയെടുക്കേണ്ട സാമൂഹ്യനന്മകളും ഒക്കെയാണ് തുള്ളലിന്റെ ഇതിവൃത്തം. കേരളത്തിന്റെ കാര്‍ഷികാഭിവൃദ്ധിക്കായി മാതൃഭൂമി സീഡ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ ഊന്നിപ്പറഞ്ഞും സീഡിന് വെള്ളവും വളവും നല്‍കി വളര്‍ത്തണമെന്ന് അഭ്യര്‍ഥിച്ചുമാണ് തുള്ളല്‍ അവസാനിക്കുന്നത്.
സീഡ്ഗ്രൂപ്പ് ലീഡറായ നന്ദനയാണ് തുള്ളലുകാരന്റെ വേഷമിട്ടത്. സീഡ്ഗ്രൂപ്പ് ലീഡറായ ദേവികയും സീഡ് പ്രവര്‍ത്തകരായ ജാസ്മിനും ഗോപികയും പശ്ചാത്തലമൊരുക്കി. അധ്യാപകരായ ശിവദാസ്, മുജീബ് എന്നിവര്‍ ചേര്‍ന്നാണ് തുള്ളല്‍ രചിച്ചത്. സ്‌കൂളിലെ വാര്‍ഷികാഘോഷവേളയിലായിരുന്നു തുള്ളല്‍ അവതരണം.

Print this news