പട്ടാമ്പി: പരുതൂര്‍ പള്ളിപ്പുറം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൈവകൃഷിക്ക് തുടക്കം. സീഡ് ക്ലബ് , നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജൈവകൃഷി കുംഭമാസത്തിലെ പൗര്‍ണമിദിവസമാണ് ആരംഭിച്ചത്. കുംഭമാസത്തിലെ പൂര്‍ണചന്ദ്രനെ കണ്ടുകൊണ്ട് ചേനനട്ടാല്‍ പൂര്‍ണചന്ദ്രന്റെ വട്ടത്തിനൊത്ത ചേന കിട്ടുമെന്ന പഴമൊഴിയെ കടമെടുത്താണ് ഈദിവസം കൃഷിതുടങ്ങുന്നതിനായി വിദ്യാര്‍ഥികളും അധ്യാപകരും തിരഞ്ഞെടുത്തത്.
അരയേക്കറിലധികംവരുന്ന തരിശുഭൂമി കിളച്ചുമറിച്ചാണ് കൃഷിക്കായി പാകപ്പെടുത്തിയെടുത്തത്.
ജൈവവളംമാത്രം ഉപയോഗിച്ച് നടത്തുന്ന കൃഷിയുടെ വിളവെടുപ്പിലൂടെ ലഭിക്കുന്ന ലാഭം സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികളുടെ പഠനച്ചെലവിലേക്ക് നീക്കിവെക്കാനാണ് പദ്ധതി. ചേനയ്ക്കുപുറമെ പയര്‍, വെള്ളരി, മത്തന്‍, ചേമ്പ്, ചീര, ചിരങ്ങ, പടവലം, കയ്പ തുടങ്ങിയവയുടെ വിത്തുകളുമൊരുക്കി മഴ പെയ്യുന്നതുംകാത്തിരിപ്പാണ് വിദ്യാര്‍ഥികള്‍.