ആലത്തൂര്‍: ആലത്തൂര്‍ വെങ്ങന്നിയൂരില്‍ ഗായത്രിപ്പുഴയുടെ തീരത്തെ വിശാലമായ കൃഷിയിടത്തിന് നടുവിലാണ് മോഡല്‍ സെന്‍ട്രല്‍ സ്‌കൂള്‍. സ്കൂൾ സീഡ് ക്ലബ്ബിന്റെ പച്ചക്കറിത്തോട്ടത്തിന്റെ നടുവില്‍ 15 സെന്റോളംവരുന്ന പന്തലാണ് മുഖ്യ ആകര്‍ഷണം. പയറും പാവലും പടവലവും കോവലും പടര്‍ന്നുകയറി പച്ചവിരിച്ച പന്തലില്‍ നിറയെ കായ്ഫലം.
ഒരുലക്ഷംരൂപ ചെലവില്‍ ആറടിയിലേറെ ഉയരത്തില്‍ കോണ്‍ക്രീറ്റ് തൂണും കാറ്റാടിക്കമ്പും കമ്പിയും ഉപയോഗിച്ച് സ്ഥിരംപന്തല്‍ നിര്‍മിച്ചിരിക്കയാണ്. സംസ്ഥാന കൃഷിവകുപ്പിന്റെ ഒരു ലക്ഷംരൂപ സാമ്പത്തികസഹായത്തോടെയാണിത്.
ചീര, കുമ്പളം, വഴുതിന, വെണ്ട, മുളക്, വെള്ളരി, കാബേജ്, കോളിഫ്ലവര്‍, കപ്പ, വാഴ, തക്കാളി, ചുരക്ക തുടങ്ങിയ വിളകളാണ് പന്തലിനുചുറ്റും. അഞ്ച് േെസന്റാളം വിസ്തൃതിയുള്ള കുളത്തില്‍നിന്ന് യഥേഷ്ടം വെള്ളംനനയ്ക്കാന്‍ പമ്പുസെറ്റ് സ്ഥാപിച്ചിട്ടുണ്ട്.
18 കുട്ടികള്‍വീതമുള്ള മൂന്ന് ടീമായി 54 കുട്ടികള്‍ക്കാണ് പച്ചക്കറിത്തോട്ടത്തിന്റെ ചുമതല. ടീമിന്റെ പേരുകളും പച്ചക്കറിയിനങ്ങള്‍തന്നെ. ക്യാപ്‌സിക്കം, കുക്കുമ്പര്‍, കോളിഫ്‌ലവര്‍ എന്നിങ്ങനെയാണത്.
സൂപ്പര്‍വൈസറായി സക്കറിയയും ടീച്ചര്‍ ഇന്‍-ചാര്‍ജായി ശ്രീജയും പ്രവര്‍ത്തിക്കുന്നു. പ്രിന്‍സിപ്പല്‍ എം.പി. പുഷ്പരാജിനാണ് മേല്‍നോട്ടച്ചുമതല. ഭരത് ശ്രീ, ഫവാസ്, അര്‍ഷദ് അഷറഫ് എന്നിവരാണ് ടീം ലീഡര്‍മാര്‍.
രാവിലെ 10.15 മുതല്‍ 11 വരെയും വൈകീട്ട് 3.15 മുതല്‍ നാല് വരെയും ഓരോ ടീമും ഊഴമനുസരിച്ച് കൃഷിത്തോട്ടത്തിലെത്തും. വര്‍ഷം രണ്ടായിരംകിലോ പച്ചക്കറി ഉത്പാദനമാണ് ലക്ഷ്യം. കഴിഞ്ഞ ഒക്ടോബറില്‍ നിലമൊരുക്കി കാലിവളമിട്ടു. നവംബറില്‍ നടീല്‍നടത്തി. ഇപ്പോള്‍ വിളവെടുപ്പ് തുടങ്ങി. ഇതുവരെ 1500 കിലോഗ്രാം പച്ചക്കറി ലഭിച്ചു. സ്‌കൂള്‍ക്കുട്ടികളും അധ്യാപകരും വീട്ടാവശ്യത്തിനായി വാങ്ങിക്കൊണ്ടുപോകും. ഇതുതന്നെയാണ് പ്രധാന വിപണി.
ജൈവവളം മാത്രമാണ് പ്രയോഗിച്ചത്. മീന്‍കഴുകിയ വെള്ളം, കഞ്ഞിവെള്ളം, പുകയിലക്കഷായം, ചാരം, കുമ്മായം എന്നിവയൊക്കെയാണ് കീടനിയന്ത്രണത്തിന് ഉപയോഗിച്ചത്. കൃഷിഭവന്റെയും ആത്മയുടെയും മാര്‍ഗനിര്‍ദേശമനുസരിച്ചാണിത്. കൃഷി പ്രിന്‍സിപ്പല്‍ ഓഫീസര്‍ കെ.കെ. ശോഭന, ഉദ്യോഗസ്ഥരായ ഷണ്മുഖന്‍, റാണിപ്രകാശ്, സന്തോഷ് എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു.