ഇരിങ്ങാലക്കുട: സ്‌കൂളുകളില്‍നിന്ന് അങ്കണവാടികളിലേയ്ക്ക് സീഡിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെയും മാതൃഭൂമി സീഡും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്കും ചേര്‍ന്ന് നടത്തുന്ന 'വീട്ടില്‍ ഒരു അടുക്കളത്തോട്ടം' പദ്ധതിയുടെയും ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.
അങ്കണവാടി അധ്യാപിക ദേവയാനി, എം.എല്‍.എ.യില്‍നിന്ന് പച്ചക്കറിവിത്ത് പായ്ക്കറ്റ് ഏറ്റുവാങ്ങി. മാടായിക്കോണം ചാത്തന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഗവ. യു.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ അംബിക പള്ളിപ്പുറം അധ്യക്ഷയായി. ക്രൈസ്റ്റ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി അഭിലാഷ് ചന്ദ്രന്‍, കനകലത, സീഡ് കോ- ഓര്‍ഡിനേറ്റര്‍ ടോണി, രാജേശ്വരി തുടങ്ങിയവര്‍ സംസാരിച്ചു.
വിഷാംശമില്ലാത്ത പച്ചക്കറികള്‍ എന്ന ലക്ഷ്യത്തോടെയാണ് 'വീട്ടില്‍ ഒരു അടുക്കളത്തോട്ടം' പദ്ധതി സീഡ് നടപ്പിലാക്കുന്നത്. അതോടൊപ്പം സീഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ താഴേത്തട്ടിലേയ്ക്ക് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അങ്കണവാടികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭയിലെ 13 വാര്‍ഡുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതി 150ഓളം കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് ആരംഭിക്കുന്നത്. ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കൗമാര ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കാനും വിദ്യാര്‍ത്ഥികളുടെ സാമൂഹികബോധം വര്‍ദ്ധിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.