നിറഞ്ഞുകായ്ച്ചു; പപ്പായക്കൃഷി വിജയം

Posted By : knradmin On 14th February 2015


 

 
നടുവില്‍: 'കുട്ടിക്കൊരു പപ്പായമരം' എന്ന ലക്ഷ്യവുമായി വെള്ളാട് ഗവ. യു.പി. സ്‌കൂളില്‍ നട്ടുവളര്‍ത്തിയ പപ്പായമരങ്ങള്‍ നിറഞ്ഞുകായ്ച്ചു. പപ്പായയുടെ വിളവെടുപ്പ് നടുവില്‍ ഗ്രാമപ്പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ ടി.എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. സ്‌കൂള്‍ വളപ്പില്‍ ഇരുപതോളം പപ്പായച്ചെടികളാണ് നട്ടുപിടിപ്പിച്ചത്.
വീടുകളുടെ പരിസരത്ത് മഴക്കാലത്ത് മുളച്ചുവന്ന പപ്പായച്ചെടികളാണ് കുട്ടികള്‍ വിദ്യാലയത്തിലെത്തിച്ചത്. ജൂണില്‍നട്ട പപ്പായയില്‍ ഡിസംബറോടെ കായപിടിച്ചു. കുട്ടികള്‍ക്ക് കൈകൊണ്ട് എത്താവുന്ന ഉയരമേ പപ്പായച്ചെടികള്‍ക്കുള്ളൂ. മുരിങ്ങ, അഗത്തിച്ചീര, കറിവേപ്പ് എന്നിവയും നട്ടുവളര്‍ത്തുന്നുണ്ട്. മുരിങ്ങയിലും ആറുമാസം കൊണ്ട് കായകളുണ്ടായി. പന്നിയൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍നിന്നാണ് ഇവയുടെ ചെടികള്‍ വാങ്ങിയത്. തക്കാളി, വഴുതിന, വെണ്ട, ചീര കൃഷിയും സ്‌കൂളില്‍ ഉണ്ടായിരുന്നു. സീഡ് കോ ഓര്‍ഡിനേറ്റര്‍ മോഹനന്‍ അളോറ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കി. വിളവെടുപ്പ്യോഗത്തില്‍ പ്രഥമാധ്യാപകന്‍ വി.ജെ.പ്രകാശ് അധ്യക്ഷതവഹിച്ചു. ജോസഫ് മാത്യു, ഒ.കെ.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. 
 
 

Print this news