പ്രകൃതിപരിചരണ യാത്രയും സംഗമവും നടത്തി

Posted By : knradmin On 7th February 2015


 

 
മയ്യഴി: പ്രകൃതിയോടിണങ്ങി ജീവിക്കണമെന്ന സന്ദേശവുമായി മാഹി സി.ഇ.ഭരതന്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ് അംഗങ്ങളും ദേശീയ ഹരിത സേനാംഗങ്ങളും ചേര്‍ന്ന് പ്രകൃതിപരിചരണ യാത്രയും സംഗമവും നടത്തി. 
വിദ്യാലയം മുതല്‍ മഞ്ചക്കല്‍ ജലകേളീ സമുച്ചയംവരെയുള്ള രണ്ട് കിലോമീറ്ററോളം വരുന്ന പ്രദേശത്താണ് വിദ്യാര്‍ഥികള്‍ കാല്‍നടയാത്ര നടത്തിയത്. വഴിയോരങ്ങളിലെ വൃക്ഷങ്ങളെ നിരീക്ഷിച്ചും സസ്യങ്ങളെ തിരിച്ചറിഞ്ഞ് ശേഖരിച്ചും ഗവണ്‍മെന്റ് ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് അവര്‍ ഒത്തുകൂടി. 
ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കംചെയ്തു പൂന്തോട്ടവും കൃഷിസ്ഥലവുമാക്കി മാറ്റിയ സുരേഷ് പാലക്കാട് തന്റെ അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവെച്ചു. 
പ്രകൃതിപരിചരണ വിദ്യാര്‍ഥിസംഗമം മാഹി റീജിണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ് മംഗലാട്ട് ഉദ്ഘാടനം ചെയ്തു. യാത്രയിലുടനീളം മാഹി വിദ്യാഭ്യാസ മേലധ്യക്ഷ ഇ.ജെ.ലില്ലിക്കുട്ടി വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്നു. 
പി.ടി.എ. പ്രസിഡന്റ് ഷാജി പിണക്കാട്ടിന്റെ വീട്ടുമുറ്റത്തൊരുക്കിയ അറിവരങ്ങ് കഥാകൃത്ത് എം.രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഇ.ജെ.ലില്ലിക്കുട്ടി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.പി.മുരളീധരന്‍, സുരേഷ് പാലക്കാട്, ഷാജി പിണക്കാട്ട്, സീഡ് അംഗം കെ.എന്‍.രോഷിമ, മാതൃഭൂമി സീഡ് പ്രതിനിധി ആന്‍ മരിയ ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.
 
 
 
 
 

Print this news