ശ്രീകണ്ഠപുരം: കൃഷിയുടെ നന്മകളറിഞ്ഞ് കുട്ടികള്‍ സ്‌കൂള്‍ മുറ്റത്തിറക്കിയ നെല്‍ക്കൃഷിയില്‍ മികച്ച വിളവ്. നെല്‍വയലില്ലാത്ത ഗ്രാമത്തിലെ സ്‌കൂള്‍മുറ്റത്ത് പാടമുണ്ടാക്കി കൃഷിയിറക്കിയ കുരുന്നുകള്‍ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം. ഏരുവേശി കെ.കെ.എന്‍.എം. എ.യു.പി. സ്‌കൂളിെല 'മാതൃഭൂമി' സീഡ് ക്‌ളബ്ബാണ് സ്‌കൂള്‍ മുറ്റത്ത് കൃഷിയിറക്കിയത്. പഴയകാലത്ത് വയലുണ്ടായിരുന്ന ചെങ്ങോത്ത് വയലിനടുത്താണ് സ്‌കൂളെങ്കിലും നെല്‍ക്കൃഷി അന്യംനിന്നുപോയതോടെയാണ് കൃഷിയുടെ നാട്ടുനന്മകള്‍ ഓര്‍മപ്പെടുത്താന്‍ സ്‌കൂളിലെ സീഡ് ക്‌ളബ്ബ് തീരുമാനിച്ചത്. സ്‌കൂള്‍ മുറ്റത്ത് നെല്‍പ്പാടമുണ്ടാക്കിയാണ് കൃഷിയിറക്കിയത്. ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളികളും അധ്യാപകരും ഏരുവേശികൃഷിഭവനും കുട്ടികള്‍ക്ക് പ്രോത്സാഹനവുമായി കൂടെനിന്നു.
വളമിടാനും കളപറിക്കാനും ജലസേചനത്തിനുമെല്ലാം കുട്ടികള്‍തന്നെ മുന്‍കൈയെടുത്തു.
സ്‌കൂള്‍മുറ്റത്ത് നെല്‍ച്ചെടികള്‍ വളര്‍ന്നുവന്നപ്പോള്‍ തുടങ്ങിയ ആഹ്ലാദവും അധ്വാനവുമെല്ലാം കൊയ്ത്തുത്സവംവരെ അവര്‍ കാത്തുസൂക്ഷിച്ചു.
നെല്‍ക്കൃഷിക്കു പുറമെ സ്‌കൂള്‍വളപ്പില്‍ പച്ചക്കറിക്കൃഷിയും നടത്തുന്നുണ്ട്. അടുത്തവര്‍ഷം കൂടുതല്‍സ്ഥലത്ത് കൃഷിയിറക്കാനാണ് സീഡ് ക്‌ളബ്ബിന്റെ ലക്ഷ്യം.
കൊയ്ത്തുത്സവത്തിന് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി.വി.രജിത, കെ.കെ.ലക്ഷ്മണന്‍, പി.ടി.എ. പ്രസിഡന്റ് കെ.പി.കുമാരന്‍, സ്‌കൂള്‍ മാനേജര്‍ ഇ.കെ.ചന്ദ്രഹാസന്‍, പ്രഥമാധ്യാപിക കെ.പി.ബേബി, ഇ.ജനാര്‍ദനന്‍, കെ.ഒ.ജനാര്‍ദനന്‍, കെ.വി.രാജന്‍, സ്‌കൂള്‍ ലീഡര്‍ നവ്യ മോഹന്‍, സീഡ് ക്‌ളബ്ബ് കോ ഓര്‍ഡിനേറ്റര്‍ കെ.പി.രഞ്ജിനി, കൃഷി അസിസ്റ്റന്റുമാരായ കെ.വി.അശോകകുമാര്‍, കെ.ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്കി.