കാസര്‌കോട്: കുമ്പള എസ്സാ ഇംഗ്ലീഷ് സെക്കന്ഡറി സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങള്ക്കും അധ്യാപകര്ക്കും കൃഷിയുടെ മധുരം പകര്ന്ന് മധുരക്കിഴങ്ങുവിളവെടുപ്പ്. സ്‌കൂള് ഓഫീസ് കെട്ടിടത്തിനു മുന്നില് കൃഷിനിലമൊരുക്കി വിത്തിട്ട് നാലുമാസത്തെ കാത്തിരിപ്പിനുശേഷം കിട്ടിയത് 42 കിലോ മധുരക്കിഴങ്ങിന്റെ മധുരം. രണ്ടുദിവസങ്ങളിലായി സ്‌കൂളിലെ കുട്ടികള്ക്കും അധ്യാപകര്ക്കും ജീവനക്കാര്ക്കുമായി മധുരക്കിഴങ്ങുവിഭവങ്ങള് നല്കിയാണ് വിളവെടുപ്പിന്റെ വിജയം എസ്സാ സ്‌കൂള് ആഘോഷിച്ചത്.
സീഡ് ക്ലബ് പ്രവര്ത്തനങ്ങളുടെ ഭാഗമായാണ് സ്‌കൂളിന്റെ പ്രവേശനകവാടത്തിനരികില്ത്തന്നെ മധുരക്കിഴങ്ങുകൃഷി തുടങ്ങിയത്. വിളവെടുപ്പ് സ്‌കൂള് ചെയര്മാന് കെ.എം.എദ്ദീന് മൊഗ്രാല് ഉദ്ഘാടനംചെയ്തു. പ്രിന്‌സിപ്പല് നിസാര് അഹമ്മദ്, മാനേജര് പി.ജി.അഗസ്റ്റിന്, സീഡ് ക്ലബ് കോഓര്ഡിനേറ്റര് ടി.സുശീല, വിജയകുമാരി, സി.ജീവിത എന്നിവര് നേതൃത്വം നല്കി. മധുരക്കിഴങ്ങിനു പുറമേ 53 കിലോ വഴുതിനങ്ങ, 47 കിലോ വെണ്ടക്ക എന്നിവയും സ്‌കൂളിന്റെ വിളവെടുപ്പിലൂടെ ലഭിച്ചിരുന്നു. ഇത് സ്‌കൂളിലെ ഒന്നുമുതല് മൂന്നുവരെ ക്ലാസ്സുകളിലുള്ള കുട്ടികള്ക്ക് പാകംചെയ്ത് നല്കുകയാണു ചെയ്തത്. സ്‌കൂള് 25ാം വര്ഷത്തിലേക്കു കടക്കുന്നതിന്റെ ഭാഗമായി 75 സെന്റില് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് തയ്യാറാക്കിയ വിവിധ ഇനങ്ങളിലുള്ള സസ്യ, ഫലവൃക്ഷ പൂന്തോട്ടം ശനിയാഴ്ച ഉദ്ഘാടനംചെയ്യും.