ചെമ്മനാട്: സ്‌കൂളില്‌നിന്നു കിട്ടിയ വിത്ത് വീട്ടില് നട്ടുണ്ടാക്കിയ പച്ചക്കറിയുടെ ഒരു ഓഹരി സ്‌കൂള് കലവറയിലേക്ക് എത്തിച്ച് കുട്ടികള്. ചെമ്മനാട് ഗവ. ഹയര്‍ സെക്കന്ഡറിയിലെ സീഡ് വിദ്യാര്ഥികളാണ് തങ്ങളുടെ അധ്വാനത്തിന്റെ ഒരോഹരി സഹപാഠികള്ക്കായി എത്തിച്ചത്. രണ്ടാംതവണയാണ് കുട്ടികളുടെ ഈ സമ്മാനം.
ചെമ്മനാട് പഞ്ചായത്ത് കൃഷിഭവന് 750 പാക്കറ്റ് വിത്ത് വിതരണംചെയ്തിരുന്നു. വെണ്ട, പയര്, വഴുതിന, തക്കാളി, വെള്ളരി, കുമ്പളം, മത്തന് എന്നിവയ്‌ക്കൊപ്പം കറിവേപ്പിലയും ഇതിലുണ്ട്. ജൈവവളമാണ് ഉപയോഗിച്ചത്. കൃഷിഭവനും സീഡ് യൂണിറ്റും വിദ്യാര്ഥികള്ക്കായി മത്സരം നടത്തിയിരുന്നു. ഇതിന്റെ സമ്മാനം അടുത്ത അസംബ്ലിയില് നല്കും.
സ്‌കൂളില് നടന്ന യോഗത്തില് പ്രഥമാധ്യാപകന് ടി.ഒ.രാധാകൃഷ്ണന്, സീനിയര് അധ്യാപിക ഇന്ദുലേഖ, തങ്കമണി, പി.വി.ഗംഗാധരന്, സ്റ്റാഫ് സെക്രട്ടറി കുഞ്ഞമ്പു നായര്, സീഡ് കോ ഓര്ഡിനേറ്റര് വി.ശ്രീനിവാസന് എന്നിവര് സംസാരിച്ചു. സീഡ് കണ്വീനര് അനുഷ നന്ദി പറഞ്ഞു