ചെര്‍പ്പുളശ്ശേരി: മാതൃഭൂമി സീഡിന്റെ ഭാഗമായുള്ള 'ലവ് പ്ലാസ്റ്റിക്' പദ്ധതിയുടെ ജില്ലയിലെ സമാഹരണം ചെര്‍പ്പുളശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സുരേഷ് ഉദ്ഘാടനംചെയ്തു. മഹത്തായ സാമൂഹിക പ്രതിബദ്ധതയോടെയാണ് മാതൃഭൂമി സീഡ് 'ലവ് പ്ലാസ്റ്റിക്' പദ്ധതി നടപ്പാക്കിയതെന്നും സമൂഹത്തിന് മാതൃകയായ ഈ യജ്ഞത്തില്‍ ചെര്‍പ്പുളശ്ശേരി പഞ്ചായത്ത് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളില്‍നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ സമാഹരിച്ച പ്ലാസ്റ്റിക് മാലിന്യച്ചാക്കുകള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി.ടി.കലാവതി, പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷിന് കൈമാറി.
മാതൃഭൂമി പാലക്കാട് യൂണിറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ സജി കെ. തോമസ് അധ്യക്ഷനായി. ജില്ലയിലെ 20 സ്‌കൂളില്‍നിന്നായി സമാഹരിച്ച ആയിരത്തോളം ചാക്ക് മാലിന്യമാണ് സംസ്‌കരണത്തിനായി കയറ്റിയയച്ചത്.
പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി.സത്യന്‍, മാതൃഭൂമി ചീഫ് അക്കൗണ്ടന്റ് യു.ലോഹിതാക്ഷന്‍, അധ്യാപികമാരായ ടി.ഉഷാരത്‌നം, യു.മിഷ, സി.സുനന്ദകുമാരി എന്നിവര്‍ പ്രസംഗിച്ചു.