ഒറ്റപ്പാലം: മാന്നന്നൂര്‍ എ.യു.പി. സ്‌കൂളില്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഇപ്പോള്‍ സ്വാദേറെയാണ്. കുട്ടികളുണ്ടാക്കിയ പച്ചക്കറികളും ഭക്ഷണമുണ്ടാക്കാന്‍ ഉപയോഗിച്ചതോടെ കറികളുടെ എണ്ണം കൂടി. ഉപ്പേരിയും എരിശ്ശേരിയും സലാഡുമൊക്കെ കൂട്ടിയാണ് ഉച്ചഭക്ഷണം. രണ്ടാംവട്ടം നടത്തിയ പച്ചക്കറിക്കൃഷിയിലും നല്ല വിളവ് കിട്ടിയ ആഹ്ലാദത്തിലാണ് കുട്ടികള്‍. സീഡ് ക്ലബ്ബിന്റെയും കാര്‍ഷിക ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലായിരുന്നു കൃഷി. കൃഷിഭവന്റെ സഹായവും ലഭിച്ചു.
വെള്ളരി, എളവന്‍, പടവലം, മത്തന്‍, പയര്‍, പച്ചമുളക്, തക്കാളി, പൂളക്കിഴങ്ങ്, ഇഞ്ചി, മഞ്ഞള്‍, ചേമ്പ്, വാഴ, പപ്പായ, മുരിങ്ങ എന്നിവയൊക്കെ തോട്ടത്തില്‍ വിളവെടുത്തു. സ്‌നേഹ, അശ്വതി, സജിലേഷ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം. സ്‌കൂളിലെ വിളവിന്റെ ആവേശത്തില്‍ കുട്ടികള്‍ വീടുകളിലും കൃഷി ചെയ്യുന്നുണ്ട്. സീഡ് ക്ലബ്ബ് നല്‍കിയ വിത്താണ് നട്ടത്.
വിളവെടുപ്പുത്സവം വാണിയംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കനകലത അധ്യക്ഷയായി. കൃഷി ഓഫീസര്‍ ശരത്, അണിമ, ഗീത, സന്ധ്യ, സീഡ് ക്ലബ്ബ് കണ്‍വീനര്‍ സ്‌നേഹ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി. രവി എന്നിവര്‍ പ്രസംഗിച്ചു.