അലനല്ലൂര്‍: ഭീമനാട് ഗവ. യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളിനടത്തുള്ള മുടവക്കാട് പാടത്ത് ആരംഭിച്ച നെല്‍ക്കൃഷിയുടെ വിളവെടുപ്പ് നാടിന്റെ ഉത്സവമായി.
കഴിഞ്ഞവര്‍ഷവും വിദ്യാര്‍ഥികള്‍ ഈ പാടത്ത് നെല്ല് വിളവിറക്കിയിരുന്നു. നെല്‍ക്കൃഷിയുടെ ബാലപാഠങ്ങളും പരിചരണവും കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കിയത് പ്രദേശത്തെ കര്‍ഷകത്തൊഴിലാളികളാണ്.
വിദ്യാലയത്തിനടുത്ത് താമസിക്കുന്ന രാധാകൃഷ്ണന്‍നായര്‍ പാട്ടരഹിതമായി നല്‍കിയ 35 സെന്റ് പാടത്താണ് വിദ്യാര്‍ഥികള്‍ പൈതൃകകൃഷിയുടെ വിത്തെറിഞ്ഞത്. പ്രദേശത്തെ കര്‍ഷകനായ പുന്നക്കാംതൊടി ജയനാണ് കൃഷിക്കാവശ്യമായ സൗകര്യമൊരുക്കിയത്.
അന്ധഗായകന്‍ കോലോത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ നാടന്‍പാട്ടും കൊയ്ത്തുപാട്ടുകളും പാടിയാണ് കുട്ടികള്‍ കഴിഞ്ഞ ദിവസംനടന്ന കൊയ്ത്തുത്സവത്തില്‍ പങ്കെടുത്ത്.
പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തെക്കന്‍ അസ്മാബി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അച്ചിപ്ര സൈദലവി അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.അബ്ദുള്‍ കാദര്‍, ഹെഡ്മാസ്റ്റര്‍ പി. രാധാകൃഷ്ണന്‍, എന്‍. അഷ്‌റഫ് ഹാജി, കെ.സന്തോഷ് ബാബു, കെ.വിജയകൃഷ്ണന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.സി. മിനി, കെ. ജുൈവരിയത്ത്, പി.സിന്ധു, സ്‌കൂള്‍ ലീഡര്‍ കെ.നവീന്‍ എന്നിവര്‍ പ്രസംഗിച്ചു.