നാട്ടറിവും മതമൈത്രി സന്ദേശവും സീഡിലൂടെ

Posted By : pkdadmin On 16th January 2015


ചെര്‍പ്പുളശ്ശേരി: ശബരി സെന്‍ട്രല്‍ സ്‌കൂള്‍ സീഡ് ക്ലബ്ബ് 'പഴംചിന്തുകള്‍' മാസിക പ്രകാശനംചെയ്തു. കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് മണ്‍മറഞ്ഞുപോകുന്ന കൈരളിയുടെ ആചാരവിശ്വാസങ്ങളെ കോര്‍ത്തിണക്കിയ മാസികയില്‍ പുതുതലമുറയ്ക്ക്, അന്യംനിന്നുപോകുന്ന തുള്ളല്‍, ഏകാദശി, ചോഴി തുടങ്ങിയ ഒട്ടേറെ നാട്ടറിവുകളിലേക്ക് ഒരു എത്തിനോട്ടവും നടത്തിയിട്ടുണ്ട്. അതിന്റെ ശാസ്ത്രസത്യങ്ങള്‍ ഉള്‍ക്കൊള്ളാനും ശ്രമിച്ചിട്ടുണ്ട്.
പെഷവാര്‍, സിഡ്‌നി സംഭവങ്ങളുടെ പൈശാചികതയും മലാല എന്ന മാലാഖയുടെ മുഖവും കോര്‍ത്തിണക്കിയ 'ഒരേനാണയത്തില്‍' എന്ന സെമിനാറും ഹൈസ്‌കൂള്‍ സീഡ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച യുദ്ധവിരുദ്ധ സന്ദേശവും മതമൈത്രിയുടെ അനിവാര്യതയും കുട്ടികളെ ബോധ്യപ്പെടുത്തി. ഇതേത്തുടര്‍ന്ന് എല്ലാ മതങ്ങളുടെയും നല്ലവശം കുട്ടികളിലേക്ക് പകര്‍ത്തുക എന്ന ഉദ്ദേശ്യത്തില്‍ മതമൈത്രി ക്വിസും നടത്തുകയുണ്ടായി. സ്‌കൂള്‍ സിഡ് കോ-ഓര്‍ഡിനേറ്റര്‍ സുമ കെ., പ്രിന്‍സിപ്പല്‍ ഡയസ് കെ. മാത്യു എന്നിവര്‍ പങ്കെടുത്തു.

Print this news